ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

 മാതൃഭാഷയും വിജ്ഞാനവും: പ്രഭാഷണം നടത്തി

 മാതൃഭാഷയും വിജ്ഞാനവും: പ്രഭാഷണം നടത്തി

2020 ~~നവംബര്‍ 04

തിരൂര്‍: ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയിലെ അധ്യാപകനും സാഹിത്യ വിമര്‍ശകനുമായ ഡോ. സുനില്‍ പി.ഇളയിടം ‘മാതൃഭാഷയും വിജ്ഞാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതുപ്രാരംഭ ക്ലാസിന്‍റെ ഭാഗമായാണ് പ്രഭാഷണം നടത്തിയത്. മാതൃഭാഷയിലുള്ള അറിവ് എന്നത് ഒരു ഭാഷാപ്രശ്നമായിട്ടല്ല മറിച്ച്  സാമൂഹികാധികാരത്തിന്‍റെയും ഒരു ജനതയുടെ സ്വാധികാരത്തിന്‍റെയും പ്രശ്നമായി കാണാന്‍ കഴിയണമെന്നും സ്വാധികാരം കൈവരിക്കുന്നതിന്‍റെ അടിസ്ഥാനതലമായാണ് മാതൃഭാഷ നിലനില്‍ക്കുന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയെ കേവലം ഒരു ഉപകരണമായി കാണുന്ന ചിന്താഗതി ബാലിശമാണെന്നും ഭാഷ മനുഷ്യനെ സംബന്ധിച്ച് മാനുഷികതയുടെ സംസ്ഥാപന സാമഗ്രിയാണെന്നും അത് മനുഷ്യാവസ്ഥയില്‍ നിലീനമായിരിക്കുന്ന ഒരു അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.  മാനുഷികമായ ഉണ്‍മയുടെ പാര്‍പ്പിടമാണ് ഭാഷയെന്നും ആ ഭാഷ മനുഷ്യാവസ്ഥയെ അടിസ്ഥാനപരമായി നിര്‍ണയിക്കുന്ന ഘടകമായി  നിലനില്‍ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ മീറ്റ് വഴിയും സര്‍വകലാശാലയുടെ അക്ഷരം യൂട്യൂബ് ചാനല്‍ വഴിയുമാണ്  പ്രഭാഷണം നടത്തിയത് . ഡോ. രോഷ്നി സ്വപ്ന, ഡോ. ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രഭാഷണം സര്‍വകലാശാലയുടെ യൂടൂബ് ചാനലില്‍ ലഭ്യമാണ്.