ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സർവകലാശാല

കേരളസര്‍ക്കാറിന്‍റെ 2012 ലെ ഉത്തരവിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2013 ഏപ്രിലില്‍ രൂപമെടുത്ത തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട് നിലവില്‍ വന്നു. 2012 നവംബര്‍ ഒന്നിനാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മാതൃഭാഷാഭിമാനം വളര്‍ത്താനും മലയാളി സമൂഹത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സാഹിത്യം, ശാസ്ത്രം, മാനവികവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാളമാധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാളഭാഷ, താരതമ്യസാഹിത്യം, മലയാളവിമര്‍ശനം, സംസ്കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്രഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറുകഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്‍റെ വൈജ്ഞാനിക പാരമ്പര്യം, പുരാതത്വ വിജ്ഞാനം, മ്യൂസിയപഠനം, പരിഭാഷ എന്നിവയെയെല്ലാം മുന്‍നിര്‍ത്തി സവിശേഷപഠനങ്ങള്‍ നിര്‍വഹിക്കുക എന്നിവയും ഈ സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യമാണ്. മലയാളഭാഷാ മാധ്യമത്തിലൂടെ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും നിര്‍വഹിക്കാനുള്ള സൗകര്യമാണ് സര്‍വകലാശാല ഒരുക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക - ബൗദ്ധിക പാരമ്പര്യത്തിന് ഊന്നല്‍ നല്‍കിയാണ് മേല്‍പ്പറഞ്ഞ കോഴ്സുകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്‍റെ സാംസ്കാരികമായ ഈടുവെപ്പുകള്‍ ശേഖരിക്കുക, സംരക്ഷിക്കുക, അവതരിപ്പിക്കുക എന്നിവയും സര്‍വകലാശാല അതിന്‍റെ പ്രധാന ദൗത്യമായി പരിഗണിക്കുന്നു. മാത്രമല്ല പുതിയ വിവരസാങ്കേതിക വിദ്യക്കനുഗുണമായി മലയാളത്തെ വികസിപ്പിക്കാനുള്ള പദ്ധതികളും സര്‍വകലാശാലയുടെ പരിപ്രേക്ഷ്യത്തില്‍ വരുന്നതാണ്.

                മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളില്‍ ഉന്നതനിലവാരമുള്ള ബിരുദാനന്തരബിരുദ കോഴ്സുകള്‍ നടത്തുന്നതിനായി മലയാളസര്‍വകലാശാല പ്രധാനപ്പെട്ട മേഖലകളില്‍ ഗവേഷണവും പുസ്തകങ്ങള്‍, ജേണലുകള്‍ എന്നിവയുടെ പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ക്ലാസ്സിക്കല്‍ മലയാളത്തിനുവേണ്ടിയുള്ള മികവുകേന്ദ്രം മലയാളസര്‍വകലാശാലയിലാണ് ആരംഭിച്ചിട്ടുള്ളത്. മലയാളഭാഷയെ സമകാലസാഹചര്യത്തിനനുസരിച്ച് ശാക്തീകരിക്കാനും മലയാളത്തിലെ കൃതികളെ  മറ്റ് ഇന്ത്യന്‍ ഭാഷയിലേക്കും വിദേശഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യാനും കൂടുതല്‍ ഉയര്‍ന്ന ഗവേഷണപഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് പ്രസ്തുത മികവുകേന്ദ്രം മലയാളസര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഏത് വിജ്ഞാനശാഖയും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മലയാളത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളസര്‍വകലാശാല അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

                കേരളത്തിന്‍റെ ഭാഷ, സാഹിത്യം, കലകള്‍, മറ്റ് സാംസ്കാരികാവിഷ്കാരങ്ങള്‍, ബൗദ്ധിക പാരമ്പര്യം ആഴത്തിലുള്ള ജനജീവിതം എന്നിവയിലൂന്നിയുള്ള പഠനത്തിനായി സമര്‍പ്പിക്കപ്പെട്ട സ്ഥാപനമാണ് മലയാളസര്‍വകലാശാല സമകാല ജീവിതത്തിനാവശ്യമായ വിധം മേല്‍പ്പറഞ്ഞ മേഖലകളില്‍ പുതിയ കാഴ്ചപ്പാടുകളും അറിവും സങ്കല്‍പ്പനങ്ങളും വികസിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തിലുണ്ടാകുന്ന പരിണാമങ്ങളുടെ വഴികള്‍ നിരന്തരമായി നിരീക്ഷിക്കാനും വിലയിരുത്താനും അതിനനുഗുണമായി മലയാളഭാഷയേയും കേരളസംസ്കാരത്തേയും മലയാള ധൈഷണികതയേയും ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയും വിധം സജ്ജമാക്കാനും സര്‍വകലാശാല പ്രതിബദ്ധമാണ്.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ലക്ഷ്യം

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല കേവലം മലയാളഭാഷയുടെയോ  സാഹിത്യത്തിന്റേയോ  പഠനം മാത്രം നിർവഹിക്കുന്ന സര്‍വകലാശാലയല്ല; മറിച്ചു സമസ്ത വിജ്ഞാനവും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനമുള്ള സര്‍വകലാശാലയാണ്.വിജ്ഞാനമാധ്യമം എന്ന നിലയിൽ മലയാള ഭാഷയെ വികസിപ്പിക്കാനുള്ള ഒരിടം

 പ്രധാന ലക്ഷ്യങ്ങൾ ഇവയാണ് 

  • സാഹിത്യം, കല, സംസ്കാരം, രാഷ്ട്രീയം, പരിസ്ഥിതി, ചരിത്രം , ശാസ്ത്രം, വികസനം എന്നിങ്ങനെ സുവിസ്തൃതമായ മലയാളവൈജ്ഞാനികതയുടെ ചരിത്രാത്മകവും വിമര്‍ശനാത്മകവുമായ പഠനം.
  • മലയാള വൈജ്ഞാനികതയെ ലോക വിജ്ഞാനഭൂപടത്തില്‍ പീഠവല്‍ക്കരിക്കുക. അതുവഴി ജനത, ദേശം എന്നീ നിലകളില്‍ കേരളത്തിന്‍റെ സമഗ്രവും സൂക്ഷ്മവുമായ ചരിത്രവികാസങ്ങളുടെ അപഗ്രഥനം. ഈ ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണവും നടത്തുക.
  • കേരളീയവും സാര്‍വദേശീയവുമായ അക്കാദമിക പഠനങ്ങളെ ജനകീയപഠനങ്ങളുമായി കണ്ണി ചേര്‍ക്കുക.അതിനുള്ള പഠനഗവേഷണങ്ങള്‍ക്ക് നേതൃത്വമേകുക.
  • മലയാളവൈജ്ഞാനികതയെ ചരിത്രവല്‍ക്കരിക്കുക.
  • കേരളത്തിന്‍റെ മൗലികവും തനതുമായ വൈജ്ഞാനിക-സൗന്ദര്യ-മാനവിക വ്യവഹാരങ്ങളുടെ ഗാഢപഠനം.
  • മനുഷ്യവിഭവശേഷിയില്‍ ഊന്നുന്ന കേരളത്തിന്‍റെ സവിശേഷമായ വികസന മാതൃക സമകാലവൈജ്ഞാനികതയില്‍ സ്ഥാനപ്പെടുത്തുക. അതിന്‍റെ വിമര്‍ശനാത്മകപഠനം നിര്‍വഹിക്കുക.
  • പാരിസ്ഥിതിക-ജനജീവിതത്തിന്‍റെ വിമര്‍ശനാത്മകപഠനം കേരളീയസന്ദര്‍ഭത്തില്‍, കേരള മാതൃകകള്‍ മുന്‍നിര്‍ത്തി നടത്തുക. ഈ ലക്ഷ്യത്തോടെ ഗവേഷണനയം രൂപീകരിച്ച് ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
  • മലയാളവിജ്ഞാനീയത്തിന്‍റെ പഠനകേന്ദ്രമായി സര്‍വകലാശാലയെ വികസിപ്പിക്കുക.
  • മലയാള ഭാഷയുടെ വൈജ്ഞാനികപദവിയും ചരിത്രവും അപഗ്രഥിച്ചു പഠിച്ച് വികസിപ്പിക്കുക.
  • ലോകത്തുണ്ടാവുന്ന സമസ്തവിജ്ഞാന-സൗന്ദര്യകൃതികളും മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ലോകഭാഷകളിലേക്കും തര്‍ജമകള്‍ ചെയ്യുക . മലയാളത്തിന്‍റെ ഗ്രന്ഥലോകം വിസ്തൃതമാക്കുക.
  • സമകാലവൈജ്ഞാനികതയുടെ ഉല്പാദന-വിനിമയങ്ങള്‍ക്ക് മലയാളത്തെ ബലിഷ്ഠമാക്കുക. കമ്പ്യൂട്ടര്‍ - ഇന്‍റെര്‍നെറ്റ് ഉപയോഗത്തിന്   മലയാളത്തെ സജ്ജമാക്കാനുതകുന്ന പഠന -ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുക.
  • സമാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക.

ദൗത്യം

  • ഭാഷയടക്കമുള്ള സമസ്ത മലയാള മാനവികവ്യവഹാരങ്ങളുടെയും  ജ്ഞാനധാരകളുടെയും വിമര്‍ശനനിഷ്ഠപഠനത്തിനും വിനിമയങ്ങള്‍ക്കും അറിവുല്‍പ്പാദനത്തിനും  ഉതകുന്ന കോഴ്സുകളും ഗവേഷണങ്ങളും  നടത്തുക.
  • ഭാഷയടക്കമുള്ള സമസ്ത മലയാള മാനവികവ്യവഹാരങ്ങളുടെയും  ജ്ഞാനധാരകളുടെയും വിമര്‍ശനനിഷ്ഠപഠനത്തിനും വിനിമയങ്ങള്‍ക്കും അറിവുല്‍പ്പാദനത്തിനും  ഉതകുന്ന കോഴ്സുകളും ഗവേഷണങ്ങളും  നടത്തുക.
  • കേരളത്തിലെ സാംസ്കാരികപൈതൃകങ്ങളുടെ വിമര്‍ശനാത്മകപഠനത്തിനും അതുവഴി അവയെ സമകാലവൈജ്ഞാനികതയോടിണക്കി മതേതരമാനവികതയുടെ അടിത്തറ ഭദ്രമാക്കുന്നതിനും ഉതകുന്നഅക്കാദമികപ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • ഡിജിറ്റല്‍ ലൈബ്രറി, പുരാരേഖാലയം, മ്യൂസിയം തുടങ്ങിയവ സ്ഥാപിച്ച് ഡിജിറ്റല്‍ മാനവികശാസ്ത്രപ0നങ്ങള്‍ക്ക്  വഴിതെളിക്കക. സൗന്ദര്യശാസ്ത്രവിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസത്തിന്‍റെ അടിത്തറയാക്കുന്നതിനുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക.
  • ആശയോല്‍പ്പാദനത്തിലും വിനിമയത്തിലും പുത്തന്‍ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍  ഉപയോഗപ്പെടുത്തുന്നതിനു മലയാളഭാഷയെ ആഭ്യന്തരമായി സജ്ജമാക്കുക.
  • മലയാളഭാഷ, സാഹിത്യം, കല, മാധ്യമം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി മലയാള വൈജ്ഞാനികതയുടെ ഉന്നമനത്തിനും വ്യാപനത്തിനുമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ചെയറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുക. അത്തരം സംയുക്ത സംരംഭങ്ങള്‍ ഏറ്റെടുക്കുക. 

ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡോവ്മെന്‍റ് സ്ഥാപിക്കുക.

ദര്‍ശനം

ലോകം ഭാഷയിലാണ് സന്നിഹിതവും പ്രവര്‍ത്തനക്ഷമവുമായിരിക്കുന്നത്. അതുകൊണ്ട് ഭാഷയുടെ അതിരുകളാണ് ലോകത്തിന്‍റെ അതിരുകള്‍ എന്നു വരുന്നു. ഈയര്‍ഥത്തില്‍ ജനതയുടെ ആത്മാഭിമാനത്തിന്‍റെ നിര്‍മാണശക്തിയാണ് ഭാഷ.മലയാളി എന്ന ജനതയുടെ ചൈതന്യവും പാരിസ്ഥിതികവ്യൂഹവും മലയാള ഭാഷയാണ്. അതുകൊണ്ട് മലയാളം എന്ന വിശേഷവിഷയത്തിന്‍റെ കേവലപഠനമല്ല; സമസ്ത വിജ്ഞാനങ്ങളും മലയാളത്തില്‍ പഠിക്കുകയും നിര്‍മിക്കുകയുമാണ് മലയാള സര്‍വകലാശാലയുടെ ദൗത്യം.മലയാളത്തെ അത്, ആത്മബോധവും ആത്മാഭിമാനവും തികഞ്ഞ ജനതയാക്കിത്തീര്‍ക്കുന്നു. മലയാളഭാഷാപഠനമല്ല; മലയാളഭാഷയിലുള്ള പഠനമാണ്. വിമര്‍ശനാത്മകതയാണ് അതിന്‍റെ രീതി പദ്ധതി.. ഇങ്ങനെ, ഭാഷ, സാഹിത്യം, കല, സംസ്കാരം മാധ്യമം, രാഷ്ട്രീയം, വികസനം തുടങ്ങി സമസ്ത വ്യവഹാരങ്ങളെയും കേരളീയ പശ്ചാത്തലത്തില്‍ ഇണക്കി  സമകാല വൈജ്ഞാനികതയോട് ചേര്‍ത്ത് വെച്ച് മലയാളത്തിന്‍റെ സൃഷ്ട്യുന്മുഖത പ്രകടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.അനുഭൂതിരൂപത്തില്‍ സംക്രമിക്കുന്ന ഘനീഭൂതചരിത്രമെന്ന നിലയില്‍ മലയാളത്തിന്‍റെ സാംസ്കാരികപൈതൃകങ്ങളെ വിമര്‍ശനാത്മകമായി പഠിക്കുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സെക്യുലര്‍ ജനതയെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനമാണിത്. ഇത് ജനതയുടെ ആത്മബോധത്തെ കെട്ടഴിച്ചുവിട്ട് വികസനത്തിന്‍റെ ഉടമയും ഉപഭോക്താവുമാക്കിത്തീര്‍ക്കുന്നു. 

ചാൻസലർ

ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവര്‍ണറാണ് മലയാളസര്‍വകലാശാലയുടെ ചാന്‍സലര്‍. 

പ്രോ-ചാൻസലർ

ഡോ. ആർ. ബിന്ദു

ഉന്നതവിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി സര്‍വകലാശാലയുടെ പ്രോ-ചാന്‍സലര്‍ ആയിരിക്കും. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ-ചാന്‍സലര്‍ക്ക് ചാന്‍സലറുടെ അധികാരം വിനിയോഗിക്കാം.

വൈസ് ചാന്‍സലര്‍

ഡോ. എൽ. സുഷമ

സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുടെ പ്രാഥമിക നേതൃത്വം വൈസ് ചാന്‍സലര്‍ക്കാണ്. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്‍റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും എക്സ്-ഓഫീഷ്യോ ചെയര്‍മാന്‍ കൂടിയാണ് വൈസ് ചാന്‍സലര്‍. സര്‍വകലാശാലയുടെ കാര്യക്ഷമമായ നടത്തിപ്പിന്‍റെയും ഭരണനിര്‍വഹണത്തിന്‍റെയും ഉത്തരവാദിത്തം വൈസ് ചാന്‍സലറില്‍ അര്‍പ്പിതമാണ്.