“ചരിത്രത്തിൽ നിന്ന് വേറിട്ട് എഴുത്തുകാരന് അസ്ഥിത്വമില്ല ” — അംബികാസുതൻ മാങ്ങാട്
തിരൂർ
07/10/2025
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യപഠനസ്കൂൾ സംഘടിപ്പിക്കുന്ന #ബഹുസ്വരം #2025 അന്താരാഷ്ട്ര സാഹിത്യസെമിനാറിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. സാഹിത്യത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ട് എന്ന കേന്ദ്ര പ്രമേയം ചർച്ച ചെയ്യുന്ന സെമിനാറിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വ്യവസ്ഥാപിത വഴികളെ കലഹത്തിലൂടെ നിരാകരിക്കുകയാണ് നല്ല എഴുത്തിന്റെ രീതി എന്നദ്ദേഹം പറഞ്ഞു.കവിതയുടെ കാൽനൂറ്റാണ്ട് എന്ന വിഷയത്തിൽ കെ. വി. സജയ് സംസാരിച്ചു.
രണ്ടാമത് ബഹുസ്വരം കവിതാപുരസ്കാരം ആദി ഏറ്റു വാങ്ങി. ചടങ്ങിൽ കവിയും സാഹിത്യപഠനസ്കൂൾ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ രോഷ്നിസ്വപ്ന അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ ഡയറക്ടർ ഡോ ശുഭ സ്വാഗതം ആശംസിച്ചു. ഒക്ടോബർ 7,8,9 തീയതികളിലായി നടക്കുന്ന സെമിനാറിൽ
കഴിഞ്ഞ കാൽനൂറ്റാണ്ടിൽ സാഹിത്യത്തിൽ വന്ന ഏറ്റവും പുതിയ വ്യവഹാരങ്ങളെയും സമീപനങ്ങളെയും മുൻനിർത്തിക്കൊണ്ട് കവിത, നോവൽ, ചെറുകഥ, തിരക്കഥാ സാഹിത്യം, വിവർത്തനം, സിദ്ധാന്തം, ചിന്ത, ദർശനം തുടങ്ങിയ മേഖലകളിൽ അന്തർ വൈജ്ഞാനിക സ്വഭാവമുള്ള ഒൻപത് പ്രഭാഷണങ്ങൾ അരങ്ങേരും. ഇ പി. രാജാഗോപാലൻ, അജു കെ നാരായണൻ, വി മുസാഫർ അഹമ്മദ്, ഡോ കെ പി ജയകുമാർ, ഡോ കെ ശ്രീകുമാർ, എന്നിവരുടെ പ്രഭാഷണങ്ങളും പതിനഞ്ച് പ്രബന്ധങ്ങളുമുണ്ടായിരിക്കും.