റിസർച്ച് കോൺക്ലേവ് രണ്ടാം പതിപ്പ്
"ലിബർട്ടസ്"
ഗവേഷണമെന്ന പ്രതിരോധം
(Research as Resistance)
ത്രിദിന ദേശീയ സെമിനാർ
അറിവിനെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്ന ആലോചനകൾക്ക് ജ്ഞാനോദയം മുതലുള്ള ചരിത്രമുണ്ട്. 'ലിബർട്ടസ്: ഗവേഷണമെന്ന പ്രതിരോധം' എന്ന റിസർച്ച് കോൺക്ലേവ് അറിവും സ്വാതന്ത്ര്യവും തമ്മിലുള്ള അടിസ്ഥാന ബന്ധത്തിലൂടെ ഗവേഷകർക്ക് ഒരുമിച്ചു കൂടാനുള്ള ഒരു ഇടം ഒരുക്കുന്നു. സാങ്കേതികവിദ്യയുടെയും രാഷ്ട്രീയസമ്മർദ്ദങ്ങളുടെയും പ്രത്യയശാസ്ത്രപരമായ ധ്രുവീകരണത്തിന്റേയും സന്ദർഭത്തിൽ ഗവേഷണത്തിന്റെ പ്രതിരോധാത്മകമൂല്യം മുമ്പെന്നത്തേക്കാളും വർദ്ധിച്ചിരിക്കുന്നു. അറിവിന്റെ മേഖലയിൽ അധീശത്വം പുലർത്തുന്ന എല്ലാ ആഖ്യാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് സമകാല ഗവേഷണം മുന്നേറുന്നത്. ഗവേഷണത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രയോഗമായും അധീശത്വ രൂപങ്ങളോടുള്ള വെല്ലുവിളിയായും മനസ്സിലാക്കുമ്പോഴാണ് അതൊരു പ്രതിരോധ പ്രവർത്തനമായിത്തീരുന്നത്. ഗവേഷണത്തെ ഏകാത്മകമാക്കാൻ, ആ മേഖലയിലെ ബൗദ്ധികസ്വാതന്ത്ര്യം നിഷേധിക്കാൻ വിപുലമായ ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രതിരോധമൂല്യം വർദ്ധിച്ചുവരുന്നു. ഗവേഷണമേഖല, രീതിശാസ്ത്രം, സിദ്ധാന്തീകരണം എന്നിവയിലെല്ലാം ചെറുത്തുനിൽപ്പിന്റെ സൂക്ഷ്മത അനിവാര്യമായ ഒരു സന്ദർഭമാണിത്. നിലനിൽക്കുന്ന എല്ലാ ജ്ഞാനരൂപങ്ങളേയും ചോദ്യം ചെയ്തും പുതിയ വിചാരമാതൃകകൾ വികസിപ്പിച്ചും തീർത്തും സർഗാത്മകമായി നിർവഹിക്കപ്പെടേണ്ട ഒരു പ്രവൃത്തിയാണ് ഗവേഷണം. ഗവേഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാവധാനമെങ്കിലും ഉറച്ച അടിത്തറയിൽ സൃഷ്ടിക്കപ്പെടുന്നതാണ് ഗവേഷണത്തിന്റെ പ്രതിരോധതലം. അരികിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ ശബ്ദങ്ങൾക്ക് ചെവി കൊടുത്തും അവരുടെ സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കിയും നിർവഹിക്കപ്പെടേണ്ടതാണ് ഗവേഷണം എന്ന സങ്കൽപ്പത്തിലാണ് ലിബർട്ടസ് സംഘടിപ്പിക്കപ്പെടുന്നത്. ഒരു സത്യാനന്തരലോകത്ത് ഗവേഷണം ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. ലാളിത്യത്തിലേക്കല്ല, സങ്കീർണതയിലേക്കായിരിക്കണം അതിന്റെ ഗതി. ബഹുജനമാധ്യമങ്ങളും പ്രത്യയശാസ്ത്രരൂപങ്ങളും അധികാരപ്രവണതകളും ചരിത്രത്തേയും ദൈനംദിനത്തേയും അതിലളിതമായാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ പ്രവണതയെ അടിമുടി വിമർശിക്കാതെ ഗവേഷണം സാധ്യമല്ല. സാമൂഹ്യശാസ്ത്ര-മാനവിക വിഷയങ്ങളിൽ അന്തർവൈജ്ഞാനികമായ വിചാരമാതൃകകൾ വികസിപ്പിച്ച്, വിമർശാവബോധത്തെ ആഴമുള്ളതാക്കുക എന്നതാണ് സമകാലഗവേഷണത്തിന്റെ ലക്ഷ്യം. പൗരസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചും ജനാധിപത്യസംസ്കാരത്തെ ശക്തിപ്പെടുത്തിയുമാണ് ഗവേഷണം മുന്നേറേണ്ടത്. ബൗദ്ധികമായ ജാഗ്രതയുടെ കാവലാണ് പ്രതിരോധഗവേഷണം.
സാമൂഹികമായ അസമത്വം ജ്ഞാനോൽപാദന മേഖലയിലും പ്രവർത്തിക്കുമെന്ന തിരിച്ചറിവോടുകൂടി ആത്മപ്രതിഫലനാത്മകമായാണ് ഇന്ന് ഗവേഷണം നിർവഹിക്കപ്പെടേണ്ടത്. ജ്ഞാനമേഖലയിലെ എല്ലാത്തരം ശ്രേണിയേയും ചോദ്യം ചെയ്യുക എന്നതാണ് പ്രതിരോധം എന്ന വാക്കിന്റെ അർത്ഥം. ഗവേഷണ മേഖലകളുടേയും സിദ്ധാന്തമാതൃകകളുടേയും വൈവിധ്യത്തെ പുര:ക്ഷേപണം ചെയ്യുന്നതാണ് പ്രതിരോധാത്മക ഗവേഷണം. വിവിധ തലമുറകളിലും മേഖലകളിലും ഉൾപ്പെട്ട ഗവേഷകരുടെ ഈ സംഗമം എല്ലാത്തരം ശ്രേണീകരണങ്ങളെയും അട്ടിമറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഗവേഷകർ ഒരു സമൂഹമായാണ് പ്രവർത്തിക്കുന്നത്. അന്വേഷണമേഖലകളും സൈദ്ധാന്തികസമീപനങ്ങളും വികസിക്കേണ്ടത് അവരുടെ സംഘടിതമായ ശ്രമങ്ങളിലൂടെയാണ്. ധൈഷണികമായ ധീരതയില്ലാതെ അത്തരമൊരു സമൂഹത്തിന് വികസിക്കാനാകില്ല. നിലവിലുള്ള സ്ഥാപനങ്ങളും അതിന്റെ നിയമാവലികളും ഗവേഷകസമൂഹത്തിനകത്ത് ശ്രേണികളുണ്ടാക്കുകയും ഗവേഷകരുടെ സാമൂഹ്യജീവിതത്തെ ശിഥിലമാക്കുകയും ചെയ്യുന്നു. ആയതിനാൽ ഗവേഷണം എന്ന പ്രക്രിയയെ വിമർശനാത്മകമായി നോക്കിക്കാണുന്നതും ഈ കോൺക്ലേവിൻ്റെ ലക്ഷ്യമാണ്. സാവധാനമെങ്കിലും കരുത്തുറ്റൊരു ഗവേഷകസമൂഹമുണ്ടായിവരണമെന്ന ആഗ്രഹമാണ് ഇത്തരമൊരു സംഗമത്തിന്റെ ഉദ്ദേശ്യം. ഇത് ചിന്തയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. തുറന്നതും വിമർശനാത്മകവും പരിവർത്തനോന്മുഖവുമായ അക്കാദമിക അന്വേഷണങ്ങളുടെ ഭാവിയെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് ഈ കോൺക്ലേവ്. ഇതിനായി എല്ലാ ഗവേഷകരേയും ഈ കോൺക്ലേവിലേക്ക് സ്വാഗതം ചെയ്യുന്നു. കോൺക്ലേവ് ചർച്ചചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങളുടെ സാമാന്യമായ പരിപ്രേക്ഷ്യം താഴെ കൊടുക്കുന്നു. അവയിലേതെങ്കിലും ഒരു മേഖലയിലൂന്നി ഗവേഷണപ്രബന്ധം തയ്യാറാക്കാൻ, കോൺക്ലേവിൽ അവ അവതരിപ്പിച്ച് സംവാദങ്ങൾക്ക് നേതൃത്വം നൽകാൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
സാമൂഹ്യശാസ്ത്രം, മാനവികവിഷയങ്ങൾ, വാണിജ്യം, പരിസ്ഥിതി, സാങ്കേതികവിദ്യ, മാധ്യമ-സിനിമാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നിങ്ങനെ ഏത് മേഖലയിൽനിന്നുമുള്ള പ്രബന്ധങ്ങൾ താഴെക്കൊടുത്തിട്ടുള്ള സമീപനരീതികളെ മുൻനിർത്തി പ്രതീക്ഷിക്കുന്നു.
ഈ സമീപനരീതികൾക്കു പുറത്തുനിൽക്കുന്ന വിമർശനാത്മക പ്രബന്ധങ്ങളും അയക്കാവുന്നതാണ്.
എല്ലാ ജ്ഞാനമേഖലകളുടേയും അടിസ്ഥാനയുക്തികളെ ജനപക്ഷത്തുനിന്നും പൊളിച്ചുപണിയാൻ നിർബന്ധിതമാക്കിയ വിമർശപദ്ധതികളാണിവ. വിവിധങ്ങളായ ജ്ഞാനശാഖകളിൽ അറിവന്വേഷണത്തിന്റെ നവീനസാധ്യതകൾ ഇവ തുറന്നു. അതിനാലാണ് ഇത്തരം വിമർശന പദ്ധതികൾക്ക് കോൺക്ലേവിൽ പ്രാധാന്യമുഉള്ളത്.
ഗവേഷണ സംവിധാനം, അതിന്റെ രീതിശാസ്ത്രങ്ങൾ, പരിഗണനകൾ, സ്ഥാപനങ്ങൾ, ഗവേഷക സമുദായം മുതലായവയെത്തന്നെ ഗവേഷണ വിധേയമാക്കുന്നവയാണ് മെറ്റാ റിസർച്ചുകൾ. ഇത്തരം പഠനങ്ങളുടെ വിമർശനാത്മക സാധ്യതകളേയും കോൺക്ലേവ് പ്രധാനമായി കാണുന്നു.