ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സംസ്കാര പൈതൃകപഠന സ്‌കൂൾ

സംസ്കാര പൈതൃകപഠന സ്‌കൂൾ

 

മലയാളഭാഷ,സാഹിത്യം,സംസ്കാരം,പൈതൃകം എന്നിവ സവിശേഷമായി  പഠിക്കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്ന എം.എ മലയാളം (സംസ്കാരപൈതൃകം)  പ്രോഗ്രാമിൽ ആകെ 15 കോർകോഴ്സുകളും 4 ഐച്ഛിക കോഴ്സുകളുമാണുള്ളത്. ഇതിൽ 12 കോർ കോഴ്സുകളും ഇതര സർവകലാശാലകളുടെ എം.എമലയാളം പ്രോഗ്രാമിന് തുല്യമായവയാണ്. പ്രാചീന - മധ്യകാലസാഹിത്യം, നോവലും ചെറുകഥയും, മലയാള കവിത ആധുനികവും ആധുനികാനന്തരവും , മലയാളസാഹിത്യവിമർശനം, ഗദ്യസാഹിത്യം, സാഹിത്യസിദ്ധാന്തങ്ങൾ തുടങ്ങി എം.എ മലയാളത്തിന്റെ അടിസ്ഥാന കോഴ്സുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. മറ്റ് മൂന്ന് കോഴ്സുകൾ സംസ്കാരപൈതൃകപഠനവുമായി ബന്ധപ്പെട്ടവയാണെങ്കിലും അതും എം.എ മലയാളത്തിന് അന്യമല്ല. മറിച്ച് സംസ്കാര പൈതൃകപഠനത്തിന്റെ സാധ്യതകളിലേക്ക് ഈ പ്രോഗ്രാമിനെ നയിക്കാൻ പര്യാപ്തമായി ട്ടുള്ളവയാണ്. ഹസ്തലിഖിതവിജ്ഞാനീയം, മ്യൂസിയവിജ്ഞാനീയം, സംസ്കാരപൈതൃകപഠനം – ചരിത്രവും സിദ്ധാന്തവും എന്നിവയാണ് ഈ കോഴ്സുകൾ. എം.എ മലയാളം പ്രോഗ്രാം ആയിരിക്കുമ്പോൾ തന്നെ സംസ്കാരപൈതൃകപഠനത്തിന്റെ സാധ്യതകളിലേക്കും തുറവികൾ തീർക്കുന്നതാണ് ഈ പാഠ്യപദ്ധതി. ഐച്ഛിക കോഴ്സുകളുടെ രൂപരേഖയിൽ ഇക്കാര്യം പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. നാല് ഐച്ഛികവിഷയങ്ങൾ ആണ് എം.എ പ്രോഗ്രാമിൽ ഒരാൾക്ക് തെരഞ്ഞെടുക്കാവുന്നത്. ഇതിലേക്ക് മലയാളത്തിലും സംസ്കാരപൈതൃകപഠനത്തിലും ഒരുപോലെ പരിഗണിക്കാവുന്ന 21 കോഴ്സുകളും പാഠ്യപദ്ധതി യിലുൾപ്പെടുത്തിയിട്ടുണ്ട്. ഫോക്‌ലോർ, സൈബർമലയാളം, പ്രാചീനലിപിപരിചയം-ബ്രാഹ്മി, പ്രാചീനലിപിപരിചയം ഗ്രന്ഥലിപി, വട്ടെഴുത്ത്, സംസ്കാരപഠനം-ചരിത്രവും സിദ്ധാന്തവും, സ്ത്രീപദവി:കേരളീയപരിപ്രേക്ഷ്യം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. യു.ജി.സി നിർദ്ദേശിച്ചിട്ടുള്ള ഫലാധി ഷ്ഠിതപാഠ്യപദ്ധതി (OBE) മാതൃകയിലാണ് പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുള്ളത്.മലയാള ഭാഷയുംസാഹിത്യവും ,സംസ്കാരപൈതൃകം എന്നീ മേഖലകളിൽ ഗവേഷണത്തിനുള്ള സൗകര്യവും പഠനസ്കൂളിലുണ്ട്

അടിസ്ഥാന സൗകര്യങ്ങൾ

  • ഐ.സി.ടി സൗകര്യമുള്ള ക്ലാസ് മുറികൾ.
  • മ്യൂസിയവിജ്ഞാനീയം പ്രായോഗിക പരിശീലനത്തിന് പൈതൃക മ്യൂസിയം.
  • ഹസ്തലിഖിതവിജ്ഞാനീയപഠനത്തിനും പരിശീലനത്തിനും ഹസ്തലിഖിത ശേഖരം.
  • മ്യൂസിയം വസ്തുക്കളുടെയും താളിയോലകളുടെയും സംരക്ഷണത്തിനും പരിരക്ഷണത്തിനുമുള്ള പ്രായോഗിക പരിശീലന സൗകര്യങ്ങൾ.
  • വിഭവലഭ്യതക്കും അവസരലഭ്യതക്കും സഹായകമായ വിധത്തിൽ പഠനസ്കൂൾ പ്രസിദ്ധീകരിക്കുന്ന യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പൈതൃകവിമർശം ജേണൽ.