‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേള 18 മുതല്‍
മലയാളസര്‍വകലാശാല ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് 18ന് തുടക്കമാകും. രണ്ട് നാള് നീണ്ടു നില്ക്കുന്ന മേളയുടെ ഉദ്ഘാടനം 18ന് രാവിലെ 10 മണിയ്ക്ക് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. പ്രശസ്ത സംവിധായകന് പി.പി.സുദേവന് മുഖ്യാതിഥിയായി പങ്കെടുക്കും അദ്ദേഹത്തിന്റെ ‘അകത്തോ പുറത്തോ’എന്ന ചിത്രം ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. നാല് പ്രദര്‍ശനവേദികളിലായി ലോകസിനിമ, യാത്രാസിനിമ, തിരിഞ്ഞുനോട്ടം എന്നീ മൂന്ന് വിഭാഗങ്ങളിലായി 35 ല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പോയവര്‍ഷത്തില്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്ക് പുറമെ സെര്‍ബിയന്‍ സംവിധായകന് എമിര്‍ കുസ്റ്റൂറിക്ക സിനിമകളുടെ തിരിഞ്ഞുനോട്ടവും യാത്രാ സിനിമകളുടെ പ്രത്യേകപ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. 19ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്യും. സമാപനചിത്രമായി സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത ‘ഏദന്‍’ പ്രദര്‍ശിപ്പിക്കും.