ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ ഇനി മലയാള സർവകലാശാലയ്ക്ക്

അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ ഇനി മലയാള സർവകലാശാലയ്ക്ക്

തൃശൂർ പെരുവനം ഗ്രാമത്തിന്റെ വൈദികകുലമായ കപ്ളിങ്ങാട്ട് മനയിൽ നിന്നും കണ്ടെടുത്ത വൈദികവിജ്ഞാനത്തിന്റെ അപൂർവവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് സമർപ്പിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ സ്മാർത്തവിചാരം, വൈദിക ക്രിയകൾ, അനുഷ്ഠാനക്രമങ്ങൾ, യാഗം, അതിരാത്രം മുതലായ കർമ്മങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.

ഇതു വരെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കാലപ്പഴക്കമുള്ള വൈദിക വിജ്ഞാനത്തിന്റെ അപൂർവമായ സഞ്ചയമാണ് ഈ താളിയോലകൾ. ഗ്രന്ഥങ്ങൾ പലതും നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഡിജിറ്റലൈസ് ചെയ്ത് ഈ വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മലയാള സർവകലാശാലക്ക് സാധിക്കുമെന്ന് മാത്രമല്ല സർവകലാശാലയുടെ താളിയോല പഠനത്തിന് മുതൽക്കൂട്ടായി തീരുകയും ചെയ്യും. വിദേശ സർവകലാശാലകളിൽ നടക്കുന്ന വൈദിക പഠനകേന്ദ്രങ്ങൾക്ക് ഇത് സഹായകരമായേക്കും.കപ്ളിങ്ങാട് വൈദികന്മാരുടെ യജുർവേദ പാരമ്പര്യം ആയിരത്തോളം വർഷം പഴക്കമുള്ളതാണ്.

കോട്ടയ്ക്കൽ ആയുർവേദ കോളേജിലെ സംഹിതാ സിദ്ധാന്ത വിഭാഗം മേധാവിയും പ്രൊഫസ്സറും ആയിരുന്ന ഡോ. കിരാതമൂർത്തിയാണ് അറിയാതെ കിടന്നിരുന്ന ഈ താളിയോലഗ്രന്ഥങ്ങൾ കണ്ടെത്തിയത്. അദ്ദേഹം മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളുമായി ബന്ധപ്പെടുകയും താളിയോല ഗ്രന്ഥവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ.ജി. സജിനയുടെ നേതൃത്വത്തിൽ ഗ്രന്ഥശേഖരം ഏറ്റെടുക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ബഹുമാനപ്പെട്ട ഡോ. അനിൽ വള്ളത്തോൾ ഡോ. കിരാതമൂർത്തിയുടെ എടപ്പാളിലുള്ള വസതിയിലെത്തി ഗ്രന്ഥശേഖരം ഏറ്റെടുത്തു.സംസ്കാരപൈതൃകപഠനസ്കൂൾ ഡയറക്ടർ ഡോ.കെ എം.ഭരതൻ, ഡോ.ജി സജിന എന്നിവർ സന്നിഹിതരായിരുന്നു. ഗ്രന്ഥശേഖരം കപ്ളിങ്ങാട്ടു മനയിലെ മുതിർന്ന അംഗം ശ്രീമതി ശാന്ത പത്മനാഭൻ മലയാളം സർവകലാശാലാ വൈസ് ചാൻസലർ ബഹുമാനപ്പെട്ട ഡോ. അനിൽ വള്ളത്തോളിന് കൈമാറി.