തമസ്‌കരിക്കപ്പെട്ട എഴുത്തുകാരികളെ അടയാളപ്പെടുത്താനും, സാഹിത്യത്തിലെ സ്ത്രീസ്വത്വത്തെ പഠനവിധേയമാക്കാനുമായി മലയാളസര്‍വകലാശാലയില്‍ സ്ത്രീസാഹിത്യപഠന കേന്ദ്രം ആരംഭിക്കുന്നു. ഒക്‌ടോബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. ജെ.ദേവിക കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ആറ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കും. ‘ഫെമിനിസ്റ്റ് നിഘണ്ടു’, ‘സിനിമ- ആസ്വാദനത്തിന്റെ ചരിത്രവഴികള്‍’, ‘ഗവേഷണവും രീതിശാസ്ത്രവും’, ‘ഭാഷാസാഹിത്യ ചരിതം’, ‘മലയാളഭാഷാചരിത്രം’, ‘വിത’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. സുഗതകുമാരിയെ കുറിച്ചുള്ള കവിത പൂക്കുംകാട്, എം.ടി. വാസുദേവന്‍ നായര്‍ എന്നീ ഡോക്യുമെന്ററികളുടെ പ്രിവ്യുയും സാഹിത്യവിഭാഗം തയ്യാറാക്കിയ രണ്ടു ജേണലുകളുടെ പ്രകാശനവും കൂടി ചടങ്ങില്‍ വെച്ച് നടക്കും.