ഗവേഷണ രീതി ശാസ്ത്രത്തിലെ വിവിധ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ത്രിദിന ശില്പശാലയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. പ്രസിദ്ധ ചരിത്രകാരനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ഡോ. കേശവന്‍ വെളുത്താട്ട് ചരിത്ര ഗവേഷണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്ര രചന ആത്മനിഷ്ഠമാണെന്നും ചരിത്രകാരന്‍ തന്റെ ദാര്‍ശനിമായ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടാണ് ചരിത്രത്തെ വ്യഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും സത്യസന്ധതയുമാണ് ഗവേഷകനെ നയിക്കേണ്ടത്. അറിവുല്‍പാദനം നിരന്തരമായ പ്രക്രിയയാണ്. പുതിയ കണ്ടെത്തലുകള്‍ പഴയതിനെ പിന്‍ന്തള്ളിയാണ് സ്ഥാനം ഉറപ്പിക്കുന്നത്. കേവലമായ സത്യം എന്നൊന്നില്ലെന്നും സത്യം ആപേക്ഷികമാണെന്നും കേശവന്‍ വെളുത്താട്ട് പറഞ്ഞു.
ഡോ. കെ.എം. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.വി.സുനീത, സി.പി. രമ്യ എന്നിവര്‍ സംസാരിച്ചു. ശില്പശാലയുടെ രണ്ടാം സെഷനില്‍ സാഹിത്യ ഗവേഷണത്തെക്കുറിച്ച് ഡോ. എം.എന്‍. രാജന്‍ പ്രബന്ധം അവതരിപ്പിച്ചു. അസി.പ്രൊഫ. കെ.വി. ശശി മോഡറേറ്ററായിരുന്നു. കെ.വി. പ്രജില്‍ നന്ദി രേഖപ്പെടുത്തി. ശില്പശാല വ്യാഴാഴ്ച സമാപിക്കും.