ചലച്ചിത്രവിമര്‍ശന മേഖലയെ അധികരിച്ച് മലയാളസര്‍വകലാശാലയില്‍ മൂന്ന് ദിവസമായി നടന്ന ദേശീയ സെമിനാര്‍ സമാപിച്ചു. പ്രസിദ്ധ ചലച്ചിത്രവിമര്‍ശകനും ദേശീയ അവാര്‍ഡ് ജോതാവുമായ ഭരദ്വാജ് രംഗന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രസിദ്ധാന്തങ്ങളില്‍ അടിയുറച്ച അക്കാദമിക വിനിമയങ്ങളില്‍ നിന്ന് വിത്യസ്തമായി ജനകീയമായ ഭാഷ വികസിപ്പിച്ചെടുപ്പിക്കുന്നതിലാണ് വിമര്‍ശകന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം വരുന്ന സാധാരണ ആസ്വാദകരെയാണ് വിമര്‍ശകന്‍ ലക്ഷ്യമാക്കേണ്ടത്. സാങ്കേതികതയും സിദ്ധാന്തവുമറിയാത്ത ശരാശരി ആസ്വാദകന് സിനിമ ആസ്വാദ്യമാകുംവിധം സിദ്ധാന്തങ്ങളാല്‍ ക്ലിഷ്ടമല്ലാത്ത ഭാഷയാണ് വിമര്‍ശകന്‍ സ്വായത്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രാര്‍ ഡോ.കെ.എം ഭരതന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. മധു ഇറങ്കര, ഡോ.സുധീര്‍ എസ് സലാം, കെ.പി. ശബരീഷ് എന്നിവര്‍ സംസാരിച്ചു.
നേരത്തെ 'കാലവും ചരിത്രവും ചലച്ചിത്രനിരൂപണത്തില്‍' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ വിജയകൃഷ്ണന്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. ചലച്ചിത്രനിരൂപകന് ചരിത്രബോധവും സ്വന്തമായദര്‍ശനവും ഉണ്ടായിരിക്കണം. ജനശ്രദ്ധപിടിച്ചു പറ്റുന്ന ചിത്രങ്ങളെമാത്രം നിരൂപണം ചെയ്യുന്ന നിലവിലുള്ള രീതി മാറണം. എല്ലാതരം ചലച്ചിത്രങ്ങളെയും അവലോകനം ചെയ്യാന്‍ നിരൂപണ മേഖല സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസി.പ്രൊഫ. കെ.എസ് ഹക്കിം, ഡോ.സ്മിത കെ നായര്‍, ജ്യോത്സ്‌ന ജോസഫ്, അമൃതാ സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു.