ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യചരിത്രം ന്യൂനപക്ഷങ്ങളെയും വാമൊഴിപാരമ്പര്യത്തെയും പുറത്തുനിര്‍ത്തി  – ഇ.വി. രാമകൃഷ്ണന്‍

സാഹിത്യചരിത്രം ന്യൂനപക്ഷങ്ങളെയും വാമൊഴിപാരമ്പര്യത്തെയും പുറത്തുനിര്‍ത്തി – ഇ.വി. രാമകൃഷ്ണന്‍

മലയാളത്തിലെ വ്യവസ്ഥാപിത സാഹിത്യചരിത്രകാരന്‍മാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരിക സംഭാവനകളെയും വാമൊഴി പാരമ്പര്യത്തെയും പുറത്തുനിര്‍ത്തിയതായി ഗുജറാത്ത് കേന്ദ്രീയ സര്‍വകലാശാല എമിററ്റസ് പ്രൊഫസറും ഗ്രന്ഥകാരകനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ അഭിപ്രായ പ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യചരിത്രവിജ്ഞാനീയത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ നാലാമത് എഴുത്തച്ഛന്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരത്തിന്റെ ബഹുസ്വരതയെ തെല്ലും പരിഗണിക്കാതെ ന്യൂനപക്ഷ, ദളിത്, ബുദ്ധ, ജൈന, ആദിവാസി, സാംസ്‌കാരിക പാരമ്പര്യങ്ങളെ സാഹിത്യചരിത്രകാരന്‍മാര്‍ ചരിത്രത്തിന് പുറത്തുനിര്‍ത്തി. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്ന അറബിമലയാളം പോലുള്ള ഭാഷാവിഭാഗങ്ങളെ കണ്ടതായി നടിച്ചില്ല. പേര്‍ഷ്യന്‍, അറബി സാഹിത്യങ്ങളുടെ സ്വാധീനത്തില്‍ പുഷ്‌കലമായ ഈ മേഖല ഭാഷയ്ക്ക് നല്‍കിയ ചാരുത സാഹിത്യചരിത്രകാര ന്‍മാര്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ത്തമാനത്തോട് പ്രതിപ്രവര്‍ത്തിക്കാത്ത നിശ്ചലതയായിട്ടാണ് ചരിത്രത്തെ സാഹിത്യകാരന്‍മാര്‍ സമീപിച്ചത്. ചരിത്രം നിഷ്‌കളങ്കമായ പ്രക്രിയയല്ല. ഓരോ കാലത്തിനും ആത്മാവുണ്ട്. അതില്‍ ജനങ്ങളുടെ സ്വത്വവും സംസ്‌കാരവും എല്ലാം അടങ്ങിയിട്ടുണ്ട്. അധികാരവും സംസ്‌കാരവും തമ്മില്‍ പുതിയതരം ബന്ധങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് ചരിത്രത്തിന്റെ പുനര്‍വായന അനിവാര്യമാണ്. നിരന്തരം ചോദ്യം ചെയ്യപ്പെടാത്ത കാലം ആശയദരിദ്രമായിരിക്കും. അത് സമൂഹത്തെ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യത്തിലെ പാരമ്പര്യവാദികളുടെ ഇടപെടല്‍ ക്ലാസ്സിക് പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുകയും ക്ലാസ്സിക് കാലം സുവര്‍ണ്ണകാലമാ ണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയവാദികളും ഇതിനെ അനുകൂലിച്ചതോടെ പുതിയൊരു വാര്‍പ്പ് മാതൃകയുണ്ടാവുകയും കേരളത്തിന്റെ സാഹിത്യചരിത്രം നിയന്ത്രിക്കുകയും ചെയ്തു. സവര്‍ണ്ണവിഭാഗത്തിന്റെ സാംസ്‌കാരിക മൂലധനത്തെ മാത്രം പ്രതീകാത്മകമൂലധനമായി കാണുന്ന സമീപനം സ്വീകരിച്ചു. ഡച്ച്, പോര്‍ച്ചുഗീസ് വിദേശാധിപത്യം നാട്ടുരാജാക്കന്‍ മാരെ തമ്മിലടിപ്പിക്കുകയും സവര്‍ണ്ണ അധികാരഘടന ദുര്‍ബലമാവുകയും ചെയ്ത സവിശേഷചരിത്ര സന്ധിയാണ് എഴുത്തച്ഛനെപ്പോലെയൊരു അവര്‍ണ്ണ കവിയെ സൃഷ്ടിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.