ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യഗവേഷകരെ നയിക്കേണ്ടത് സാഹിത്യഗവേഷകരെ നയിക്കേണ്ടത് ചരിത്രബോധവും യുക്തിയും   – ചാത്തനാത്ത് അച്യുതനുണ്ണി

സാഹിത്യഗവേഷകരെ നയിക്കേണ്ടത് സാഹിത്യഗവേഷകരെ നയിക്കേണ്ടത് ചരിത്രബോധവും യുക്തിയും   – ചാത്തനാത്ത് അച്യുതനുണ്ണി

ജീവിതത്തിലെന്ന പോലെ കാര്യകാരണ ബന്ധവും ചരിത്രബോധവും സാഹിത്യ ഗവേഷണത്തിലും അനിവാര്യമാണെന്ന് പ്രസിദ്ധ സാഹിത്യ ചിന്തകനും വിമര്‍ശകനുമായ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യ ഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണം തത്തയെ വളര്‍ത്തലല്ലെന്നും ഗവേഷകന്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങളിലേക്ക് ഗവേഷണത്തെ നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണം സ്വയം ഉത്തരങ്ങളിലേക്ക് സഞ്ചരിക്കണം. അത് ഗവേഷകന്റെ മോഹങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നില്ല. നിലവിലുള്ള വിജ്ഞാനമേഖലയെക്കുറിച്ചുള്ള അസംതൃപ്തിയില്‍ നിന്നാണ് ഗവേഷണങ്ങള്‍ ഉടലെടുക്കേണ്ടത്. സാഹിത്യവിഭാഗം മേധാവി ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.എം.ഭരതന്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. അശോക് ഡിക്രൂസ്, എ.കെ. വിനീഷ് എന്നിവര്‍ സംസാരിച്ചു.  ഭാവി ചരിത്രത്തെ നിര്‍മ്മിക്കുന്നവരാണ് ഗവേഷകരെന്ന് തുടര്‍ന്നു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ആധുനിക വിജ്ഞാനശാഖകളുടെ സഹായത്തോടെ കൃതികളുടെ പുനര്‍വായന സാഹിത്യഗവേഷണത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. സാഹിത്യഗവേഷണം, സാംസ്‌കാരിക ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് വളര്‍ന്നിട്ടുണ്ട്. ബുദ്ധിപരമായ സത്യസന്ധതയും സമര്‍പ്പണവും ഗവേഷകന് ആയുധങ്ങളാവണം. കൃതിയുടെ കാലഘട്ടത്തെ അറിയാനും പുതിയ കാലഘട്ടത്തെ രൂപപ്പെടുത്താനും ഗവേഷണം ചാലകശക്തിയാവണം. രീതിശാസ്ത്രം പഠിച്ച് ഗവേഷണം ആരംഭിക്കുന്നതിനുപകരം വിഷയത്തിനൊത്ത് രീതിശാസ്ത്രം ഉരുത്തിരിയുകാണ് വേണ്ടതെന്നും വിവിധ പ്രബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി. ഡോ. അനില്‍ വള്ളത്തോള്‍ (കാലിക്കറ്റ് സര്‍വകലാശാല), ഡോ. എന്‍ അജയകുമാര്‍ (സംസ്‌കൃത സര്‍വകലാശാല), ഡോ. എ. നുജും (അലിഗഡ് സര്‍വകലാശാല), കടാങ്കോട് പ്രഭാകരന്‍ (കേരളസാഹിത്യ അക്കാദമി), ഡോ. സി സെയ്തലവി (മലയാളസര്‍വകലാശാല), ഡോ. സൈനബ (മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, തിരുവനന്തപുരം), ജി. പ്രസാദ് കുമാര്‍ (മദിരാശി സര്‍വകാശാല), ഡോ. ആര്‍ രാജേഷ് (എന്‍.എസ്.എസ്. കോളേജ്, പന്തളം), ശ്രുതി.ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.വിവിധ സെഷനുകളില്‍ ഡോ.സി. ഗണേഷ്, ഡോ.എ. അന്‍വര്‍, ഡോ.ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സെമിനാര്‍ ഒക്‌ടോബര്‍ 21 ന് സമാപിക്കും.