അഞ്ച് വര്‍ഷത്തെ പ്രശംസനീയമായ സേവനത്തിനു ശേഷം മലയാളസര്‍വ കലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ക്യാമ്പസിനോട് വിടവാങ്ങി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തിന് വികാരനിര്‍ഭ യമായ യാത്രയയപ്പ് നല്‍കി. 'സര്‍ഗ്ഗപ്രതിഭയ്ക്ക് മാത്രം നടത്താന്‍ കഴിയുന്ന മനുഷ്യപ്പറ്റുള്ള യജ്ഞമായിരുന്നു ജയകുമാറിന്റേതെന്ന് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത സി. രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളത്തിന് വഴി കാണിക്കുന്ന പ്രത്യേകമായ വിദ്യാഭ്യാസപ്രവര്‍ത്തനമാണ് ഈ സര്‍വകലാശാല നടത്തേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഐന്ദ്രജാലികമായ ദൗത്യം നിര്‍വ്വഹിക്കാനുള്ള മഹാശേഷി അദ്ദേഹത്തിനുണ്ടാ യിരുന്നു. കലാശാല സ്ഥാപിക്കുക മാത്രമല്ല ബാലാരിഷ്ടത നീക്കി വളര്‍ത്തിക്കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു. തത്വവും പ്രയോഗവും ഒന്നാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു- രാധാകൃഷ്ണന്‍ തുടര്‍ന്ന് വ്യക്തമാക്കി.
'ഇത് അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും കലാശാലയാണ്. ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനായി ഈ താക്കോല്‍ അദ്ധ്യാപകരെ ഏല്‍പ്പിക്കുന്നു. മികവിന്റെ മാതൃകയായി സ്ഥാപനത്തെ മാറ്റാനുള്ള ആയുധം ഇനി നിങ്ങളുടെ കൈയിലാണ്.കേരളത്തിലെ മുഴുവന്‍ സാഹിത്യകാരന്‍മാരും ഞങ്ങളോടു കാണിച്ച നല്ല മനോഭാവത്തിന് നന്ദി. നിശബ്ദമായി പ്രവര്‍ത്തിച്ച അനാമികരായ എല്ലാവര്‍ക്കും നന്ദി... സുഹൃദ്മനോഭാവത്തിന്... ദാക്ഷിണ്യത്തിന് നന്ദി...' - മറുപടി പ്രസംഗത്തില്‍ ജയകുമാര്‍ പറഞ്ഞു.
സി. രാധാകൃഷ്ണന്‍ കലാശാലയുടെ ഉപഹാരം സമ്മാനിച്ചു. ഡോ. കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ജോസഫ് മാത്യു, പി. ജയരാജന്‍, പി.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു. കെ. ജയകുമാറിന്റെ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് നല്‍കി. കലാശാല പ്രസിദ്ധീകരിച്ച എം.ടിയിലേക്കുള്ള വഴികള്‍ (എഡിറ്റര്‍. കെ. ജയകുമാര്‍), വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റര്‍ ഡോ. അശോക് ഡിക്രൂസ്), ബാലാഡ്‌സ് ഓഫ് നോര്‍ത്ത് മലബാര്‍ (എഡിറ്റര്‍ ഡോ. കെ.എം. ഭരതന്‍) എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശിപ്പിച്ചു.
കാലത്ത് വിദ്യാര്‍ത്ഥികളുമായി നടന്ന തുറന്ന സംവാദത്തില്‍ യൂണിയന്‍ ഭാരവാഹികളായ പി.കെ. സുജിത്ത്, ശബരീഷ്, ലിജിഷ, ശ്രുതി.ടി, അജിത്ത്.കെ.പി, വിനീഷ്.എ.കെ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ ഉപഹാരവും, ചലച്ചിത്രപഠനവിഭാഗം വിദ്യാര്‍ത്ഥി അനില്‍ നിര്‍മ്മിച്ച ശില്‍പ്പവും വൈസ് ചാന്‍സലര്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് അദ്ധ്യാപകരും ജീവനക്കാരും നല്‍കിയ പ്രത്യേക യാത്രയയപ്പ് യോഗത്തില്‍ ഡോ. എം. ആര്‍. രാഘവവാര്യര്‍, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, ഡോ. എം. ശ്രീനാഥന്‍, ഡോ. കെ.എം. ഭരതന്‍, ഡോ. ജോണി സി ജോസഫ്, ഡോ.ടി.വി സുനീത ,ഡോ.രോഷ്‌നി സ്വപ്ന,ഡോ. അന്‍വര്‍ അബ്ദുള്ള, ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ്, ഡോ. സജ്‌ന, ഡോ. സുധീര്‍. എസ്. സലാം, കെ. രത്‌നകുമാര്‍, ടി. ലിജീഷ്, സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാഷാശാസ്ത്രവിഭാഗത്തിലെ ജീവനക്കാരനായ രാജേഷ് വരച്ച ജയകുമാറിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.