തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള സര്‍വകലാശാല സമൂഹത്തിന്‍റെ വലിയ ഒരു വിഭാഗം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍വകലാശാല സമൂഹത്തിന്‍റെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി തയ്യാറാക്കുന്ന ഓപ്പണ്‍ കാറ്റ്ലോഗിന്‍റെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ലൈബ്രറി കാറ്റ്ലോഗ് പരിശോധിച്ച് ആവശ്യമായ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. ലൈബ്രറി വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന ലൈബ്രറി കാറ്റ്ലോഗില്‍ നിന്ന് അധ്യാപകരുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കവും പരമാവധി ഇരുപത് പേജില്‍ കവിയാത്ത ഒന്നോ രണ്ടോ അധ്യായങ്ങളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകളും ആവശ്യാനുസരണം ലൈബ്രറി ഉപയേക്താക്കള്‍ക്ക് ഇ-മെയില്‍, വാട്ട്സാപ്പ് എന്നിവ മുഖേന സ്വീകരിക്കുന്ന പദ്ധതിയാണിത്. വരും ദിവസങ്ങളില്‍ ഈ സൗകര്യം ലൈബ്രറിയിലൂടെ ലഭിച്ചുതുടങ്ങുമെന്ന് വൈസ്ചാന്‍സലര്‍ അറിയിച്ചു.