തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭയും അക്ഷരം കാമ്പസില്‍ നടന്നു. അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഡോ. സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വടക്കുക്കര മുഹമ്മദ്കുട്ടി എന്ന ശ്രീ. വി. എം. കുട്ടി എന്നിവര്‍ക്ക് സര്‍വകലാശാലയുടെ പരമോന്നത ബിരുദമായ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ നിര്‍വാഹകസമിതിയും പൊതുസഭയും തീരുമാനിച്ചു. അവരവരുടെ മേഖലയില്‍ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് സര്‍വകലാശാല ഇവരെ ആദരിക്കാന്‍ തീരുമാനം എടുത്തത്. ഈ തീരുമാനത്തിന് ചാന്‍സലര്‍ കൂടിയായ കേരളഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബിരുദദാന ചടങ്ങ് നടക്കും. മലയാളസര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പുതുക്കിയ യു.ജി.സി. ശമ്പള സ്കെയില്‍ നടപ്പാക്കുവാനും യോഗം തീരുമാനിച്ചു. 2018-19 അക്കാദമിക വര്‍ഷം ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ 118 വിദ്യാര്‍ത്ഥികള്‍ക്കും എം.ഫില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 15 പേര്‍ക്കും ബിരുദം നല്‍കുവാനുള്ള നിര്‍വാഹകസമിതിയുടെ ശുപാര്‍ശ പൊതുസഭ അംഗീകരിച്ചു. സര്‍വകലാശാല നിയമം അനുശാസിക്കുന്ന വിധം മലയാളസാഹിത്യം, കല, പൈതൃകപഠനം എന്നീ ഫാക്കല്‍റ്റി ഉപദേശകസമിതി രൂപീകരിച്ച് ചാന്‍സലറുടെ ഉത്തരവ് നടപ്പിലാക്കിയത് വഴി ഇവയുടെ ചെയര്‍മാന്‍മാരായ ഡോ. കെ. കെ. എന്‍. കുറുപ്പ്, ഡോ. സി. രാജേന്ദ്രന്‍, ശ്രീ കലാമണ്ഡലം പ്രഭാകരന്‍ എന്നിവരെ പൊതുസഭയിലും ഡോ. കെ. കെ. എന്‍. കുറുപ്പിനെയും ഡോ. സി.രാജേന്ദ്രനേയും നിര്‍വാഹകസമിതിയിലും ഉള്‍പ്പെടുത്തി. ഇതോടെ നിര്‍വാഹകസമിതിയിലെ അംഗങ്ങളുടെ എണ്ണം 11 ആയി. 2018-19 ലെ പുതുക്കിയ വാര്‍ഷിക ബഡ്ജറ്റും വരവ് ചെലവ് കണക്കും പൊതുസഭ അംഗീകരിച്ചു. യോഗങ്ങളില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആര്‍. രാഘവവാരിയര്‍, ഡോ. എ. കെ. നമ്പ്യാര്‍, ഡോ. സി.പി. ചിത്രഭാനു, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. സി. രാജേന്ദ്രന്‍, ഫെറാള്‍ഡ് സേവ്യര്‍, ശ്രീമതി ഗീത, വിജയകുമാര്‍, മുസമ്മില്‍, ഡോ. ടി. കെ. നാരായണന്‍, കലാമണ്ഡലം പ്രഭാകരന്‍, ഡോ. സി.ജെ. കുട്ടപ്പന്‍, കെ.പി.രാമുനുണ്ണി, വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുത്തു