മലയാളദിനാഘോഷം നടത്തി
തിരൂര്‍:ഭരണത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും വിവിധതലങ്ങളില്‍ മലയാളം മുന്നേറിയെങ്കിലും അഖിലേന്ത്യാപരീക്ഷകളില്‍ മലയാളത്തിന്‍റെ സാന്നിധ്യം ഇനിയും അറിയിക്കേണ്ടതായിട്ടുണ്ടെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ . സര്‍വകലാശാലയിലെ മലയാളദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠഭാഷ പദവി എന്നതിനപ്പുറം ലോകഭാഷയായി മാറുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനശേഷം വൈസ് ചാന്‍സലര്‍ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൈതൃകമായി നിലനിന്നുപോരുന്ന മലയാളം പഠിപ്പിക്കുകയല്ല വേണ്ടതെന്നും നിര്‍മ്മാണാത്മകമായ ഭാഷയെയാണ് പഠിപ്പിക്കേണ്ടതെന്നും ‘മതിലുകളില്ലാത്ത മലയാളം’ എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് ഡോ. പി.എം. ഗിരീഷ് (മലയാളവിഭാഗം മേധാവി, മദ്രാസ് സര്‍വകലാശാല) പറഞ്ഞു.
ഡോ.എം. ശ്രീനാഥന്‍ എഡിറ്റ് ചെയ്ത ‘പതിവ്രതാധര്‍മം’ എന്ന പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. പി.എം. ഗിരീഷിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. തുടര്‍ന്ന് ‘തിരൂര്‍ മലയാളം’ ഭാഷാ സാഹിത്യ ചാനലിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും വൈസ് ചാന്‍സലര്‍ രചന നിര്‍വഹിച്ച ‘ലോകമേ തറവാട്’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും ഉണ്ടായി. ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. അശോക് ഡിക്രൂസ്, അജിത്ത് കെ.പി എന്നിവര്‍ സംസാരിച്ചു.