വരം’17 ന്‍റെ ഭാഗമായി ഭിന്നശേഷിക്കാര്‍ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുമായി ക്യാമ്പസിലൊരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. പെയിംന്‍റിങ്ങുകള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവിഭവങ്ങള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ എന്നിവയുമായി 25-ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
കോട്ടക്കല്‍ മനോവികാസ് സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ ഒരുക്കിയ കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിറമരുതൂര്‍ കിന്‍ഷിപ്പ് പുനരധിവാസ കേന്ദ്രത്തിന്‍റെ ഗ്ലാസ്പെയിംന്‍റിങ്ങടക്കമുള്ള ഉല്‍പ്പന്നങ്ങളും കാഴ്ചക്കാര്‍ക്ക് കൗതുകമായി. സാമൂഹ്യനീതി വകുപ്പിനുകീഴില്‍ തവനൂരിലെ പ്രതീക്ഷാഭവന്‍, ശാസ്ത്രസാഹിത്യപരിഷത്ത്, വിവധ തേന്‍ വിഭവങ്ങളുമായി കൊട്ടാരക്കരയിലെ കര്‍ഷകകൂട്ടായ്മയായ തേനീച്ചകൂട്ടം എന്നിവരുടെ സ്റ്റാളുകളും ശ്രദ്ധേയമായിരുന്നു. ‘രൂധിരതാരകം’ എന്ന കവിതാസമാഹാരവുമായി അരവിന്ദന്‍ കാടാമ്പുഴയും പെയിന്‍റിങ്ങുകളുടെ വലിയശേഖരവുമായി രഞ്ജിത്തും ഇരിമ്പിളിയം പാലിയേറ്റീവ് യൂണിറ്റിന്‍റെ സഹായത്തോടെ നിര്‍മിച്ച ഉത്പന്നങ്ങളുമായി തച്ചിറക്കുഴി അബ്ദുല്‍ കരീമും വ്യക്തിഗതമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തുകയുണ്ടായി.