ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പ്രോജക്ടുകൾ

ഭാഷാഭേദസർവേ

മലപ്പുറം ജില്ലയില്‍ മലയാളസര്‍വകലാശാല നടത്തിയ ഭാഷാഭേദസര്‍വേ പൂര്‍ത്തിയായി.  2015 നവംബര്‍ ഒന്നിന് സര്‍വകലാശാലയുടെ മൂന്നാം സ്ഥാപനദിനത്തില്‍ സര്‍വേ റിപ്പോര്‍ട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാഷാവൈവിദ്ധ്യത്തിന്റെ സാമൂഹ്യമായ അടിയൊഴുക്കുകള്‍ നൂതനമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുന്ന റിപ്പോര്‍ട്ട്  ഭാഷാവിജ്ഞാനീയത്തില്‍ പുതിയ അറിവുകള്‍ ചേര്‍ത്തു വയ്ക്കുന്നു.  റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍വേ ഫലങ്ങള്‍ ഇനിയും വിശദമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ മാത്രമായി നിലനില്‍ക്കുന്ന അനേകം വാക്കുകള്‍ സര്‍വകലാശാല തയ്യാറാക്കുന്ന സമഗ്രമലയാള നിഘണ്ടുവില്‍ ഇടം നേടും.

2016 ഏപ്രിലില്‍ വയനാട് ജില്ലയിലെ ഭാഷാഭേദ സര്‍വേ ആരംഭിച്ചു.  കേരളത്തിലെ എല്ലാ ജില്ലകളിലെയും ലക്ഷദ്വീപിലെയും ഭാഷാഭേദങ്ങള്‍ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സര്‍വേകള്‍.

പൈതൃകസർവേ

മലപ്പുറം ജില്ലയില്‍ സര്‍വകലാശാല നടത്തിയ പൈതൃകസര്‍വേ പൂര്‍ത്തിയായി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അമ്പതുശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഈ സര്‍വ്വേ നടത്തിയത്. അസംഖ്യം പുരാവസ്തുക്കളും സ്മാരകങ്ങളും പുരാരേഖകളും അടയാളപ്പെടുത്തുന്നതിന് സര്‍വേവഴി സാധിച്ചു. വിശദമായ ഫോട്ടോ ഡോക്യുമെന്റേഷനും സംരക്ഷണപരിപാടികളും നടന്നു വരുന്നു.. 2016 ഏപ്രിലില്‍ വയനാട് ജില്ലയിലെ പൈതൃകസര്‍വേ ആരംഭിച്ചു. തുടര്‍ന്ന് മറ്റു ജില്ലകളിലും ആരംഭിക്കാനാണ് തീരുമാനം.

പരിഭാഷ പ്രോജക്ട്

മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികള്‍ ഇംഗ്ലീഷിലും മറ്റ് വിദേശഭാഷകളിലും പ്രസിദ്ധീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് മലയാളസര്‍വകലാശാല വിപുലമായ ഒരു പരിഭാഷാ പ്രോജക്ട് ആരംഭിച്ചു. വൈസ്ചാന്‍സലര്‍ അധ്യക്ഷനായ പ്രോജക്ടിന്റെ ഉപദേശക സമിതിയില്‍ ശ്രീ സച്ചിദാനന്ദന്‍, ഡോ. ഇ.വി. രാമകൃഷ്ണന്‍, ഡോ. ജാന്‍സി ജെയിംസ്, ഡോ. ജെ. ദേവിക, ഡോ. എം.എം. ബഷീര്‍, ഡോ. ടി.എം. യേശുദാസന്‍, ഡോ. കെ.എം. ഷെരീഫ്, ശ്രീമതി മിനികൃഷ്ണനെ (കണ്‍സള്‍ട്ടന്റ്) എന്നിവര്‍ അംഗങ്ങള്‍ ആണ്.വിമണ്‍ അണ്‍ലിമിറ്റഡ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, നവയാന, ഓറിയന്റ് ബ്ലാക്ക്‌സ്വാന്‍ എന്നീ ഇംഗ്ലീഷ് പ്രസാധകരുമായി പ്രസിദ്ധീകരണകരാര്‍ ഒപ്പു വെച്ചു.

പരിഭാഷാ പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍

  • A Path and Many shadows
  • Barsa
  • Swarga
  • Dalit Stories

മാനവിക വിജ്ഞാനശാഖകളിലെ മുപ്പതിലേറെ പ്രധാനപ്പെട്ട ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പരിപാടിക്ക് മലയാളസര്‍വകലാശാല രൂപം നല്‍കി. മാധ്യമപഠനം, സോഷ്യോളജി, പരിസ്ഥിതി, തദ്ദേശവികസനം, ചരിത്രം, സംസ്‌കാരപഠനങ്ങള്‍, ഭാഷാശാസ്ത്രം എന്നീ മേഖലകളിലെ പുസ്തകങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. ഇതിനായി വിവിധ വിഷയങ്ങളിലെ 50 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

മ്യൂസിയം പ്രോജക്ട്

മലയാളസര്‍വകലാശാലയിലെ സംസ്‌കാരപൈതൃക പഠന വകുപ്പിന്റെയും ചരിത്രവകുപ്പിന്റെയും പ്രവര്‍ത്തനഫലമായി ധാരാളം പുരാവസ്തുക്കളും പുരാരേഖകളും സര്‍വകലാശാലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യക്തികള്‍ തങ്ങളുടെ പക്കലുള്ള വിശിഷ്ട പൈതൃകവസ്തുക്കള്‍ സര്‍വകലാശാലയെ ഏല്‍പിക്കുന്നുമുണ്ട്. ഈ വിധം ശേഖരിക്കുന്ന പൈതൃകവസ്തുക്കളുടെ ശാസ്ത്രീയമായ പ്രദറ്ശനത്തിനും പരിരക്ഷയ്ക്കും ഡോക്യുമെന്റേഷനും ഡിജിറ്റലൈസേഷനുമായി ഒരു മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു. മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ലഭ്യമായ ഡിജിറ്റല്‍ ദൃശ്യ, ശ്രാവ്യ വിഭവങ്ങള്‍ ശേഖരിക്കുക എന്നതും മ്യൂസിയം പ്രോജക്ടിന്റെ ലക്ഷ്യമാണ്. മീഡിയ ആര്‍ക്കൈവ്‌സ്, സിനിമ ആര്‍ക്കൈവ്‌സ് എന്നിവയും ഈ പ്രോജക്ട്. വിഭാവനം ചെയ്യുന്നു. ഈടുറ്റ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ ധാരാളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും എത്തുന്നു.