മലയാളസര്‍വകലാശാലയിലെ ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പെണ്‍മ-17 ചലച്ചിത്രോത്സവത്തിന് പ്രൗഢമായ തുടക്കം. പ്രസിദ്ധ ഛായാഗ്രാഹകയും നവാഗത സംവിധായികയുമായ ഫൗസിയ ഫാത്തിമ മേള ഉദ്ഘാടനം ചെയ്തു. ‘ദ തേര്‍ഡ് ബാങ്ക് ഓഫ് ദ റിവര്‍’ എന്ന ലാറ്റിനമേരിക്കന്‍ കഥ ‘നദിയുടെ മൂന്നാംകര’ എന്ന പേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ സാഹിത്യകൃതിയെ മറന്ന് പുതിയ ദൃശ്യഭാഷ കണ്ടെത്താനാണ് യത്‌നിച്ചതെന്ന് ഫൗസിയ പറഞ്ഞു. മൂലകൃതിയോട് പരമാവധി നീതി പുലര്‍ത്താനും കഥയുടെ അഭൗമമായ അന്തരീക്ഷത്തിലേക്ക് കാണികളെ കൊണ്ടുപോകനുമാണ് ആഗ്രഹിച്ചത് – ചലച്ചിത്ര സംവിധായിക എന്ന നിലയില്‍ തന്റെ അനുഭവങ്ങള്‍ കാണികളോട് പങ്കിട്ടുകൊണ്ട് അവര്‍ വ്യക്തമാക്കി. പ്രൊഫ. മധു ഇറവങ്കരയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംവിധായിക നയന സൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ‘പക്ഷികളുടെ മണം’ എന്ന ആദ്യ ചിത്രത്തിന്റെ സംവിധാനം ആയാസകരമായിരുന്നുവെന്ന് നയന പറഞ്ഞു. ഡോ. സുധീര്‍ എസ്. സലാം, ഡോ. ആര്‍. വിദ്യ, സരൂപ് എന്നിവര്‍ സംസാരിച്ചു. ബൈബിള്‍ ബിംബങ്ങളിലൂടെ പിതൃപുത്ര ബന്ധത്തിന്റെ അനിവാര്യമായ തുടര്‍ച്ചയും സങ്കീര്‍ണതയും അനാവരണം ചെയ്യുന്ന ‘നദിയുടെ മൂന്നാംകര’ കയ്യടിയിലൂടെയാണ് സദസ് വരവേറ്റത്. ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിന്റെ കഥ പറയുന്ന ‘പക്ഷിയുടെ മണം’, ‘വാഗബോണ്ട്’ (ഫ്രാന്‍സ്) എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സമീറ മക്മല്‍ ബഫിന്റെ ‘അറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍’, അലംകൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്‍ഡര്‍ മൈ ബുര്‍ക്ക’, കാതറീന്‍ ബ്രെയ്‌ലാറ്റിന്റെ ‘ബ്രീഫ് ക്രോസിംഗ്, രേവതിയുടെ ‘മിത്ര് മൈ ഫ്രണ്ട്’ ദീപാമേത്തയുടെ ‘ മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും നാളെയുമായി(നവം.17,18 )മേളയില്‍ പ്രദര്‍ശിപ്പിക്കും.