2022 ജനുവരി 17
തിരൂര്‍: സ്വാതന്ത്രസമര സേനാനിയും അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്‍റെ കൈവശമുള്ള അപൂര്‍വ്വ ഗ്രന്ഥശേഖരം മലയാളസര്‍വകലാശാലയ്ക്ക് കൈമാറി. 102 വയസ്സ് പിന്നിട്ട അദ്ദേഹം 29 തവണ ഹിമാലയന്‍ യാത്ര നടത്തുകയും മികച്ച അധ്യാപകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുമുണ്ട്. ഇദ്ദേഹം 1947 ല്‍ തന്‍റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കറില്‍ ആരംഭിച്ച വിദ്യാലയം പത്തു വര്‍ഷത്തിന് ശേഷം വെറും ഒരു രൂപ വാങ്ങി കേരളസര്‍ക്കാറിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സാഹിത്യം, സാമൂഹ്യശാസ്ത്രം ,യാത്രാവിവരണങ്ങള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള സോവനീറുകള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം അടങ്ങുന്ന നൂറ്റമ്പതിലേറെ പുസ്തകങ്ങളാണ് മലയാളസര്‍വകലാശാലക്ക് അദ്ദേഹം കൈമാറിയത്. ഇംഗ്ലീഷിലുള്ള ശ്രദ്ധേയമായ പുസ്തകങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. എഴുത്തച്ഛന്‍ പഠനസ്കൂള്‍ ഡയറക്ടര്‍ ഡോ. കെ.എം. അനില്‍, ചലച്ചിത്ര പഠനസ്കൂള്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.പി. ശ്രീദേവി, സാഹിത്യപഠനസ്കൂള്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.കെ.ശുഭ എന്നിവര്‍ മലയാളസര്‍വകലാശാലയ്ക്ക് വേണ്ടി തൃശ്ശൂരിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലെത്തി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി