ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പണ്ഡിതന്മാരെയല്ല, വ്യവസ്ഥകളെ  പൊളിച്ചെഴുതുന്ന  ബുദ്ധിജീവികളെയാണ് സമൂഹത്തിനാവശ്യം-  കെ.ജി.പൗലോസ്

പണ്ഡിതന്മാരെയല്ല, വ്യവസ്ഥകളെ പൊളിച്ചെഴുതുന്ന ബുദ്ധിജീവികളെയാണ് സമൂഹത്തിനാവശ്യം- കെ.ജി.പൗലോസ്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019 കേരളകലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥക്കകത്തുനിന്നുകൊണ്ട് അതിനെ അനുവര്‍ത്തിക്കുന്ന പണ്ഡിതന്മാരെയല്ല, മറിച്ച് വ്യവസ്ഥക്കകത്തുനിന്നുകൊണ്ട് അതിനെ പൊളിച്ചെഴുതുന്ന ബുദ്ധിജീവികളെയാണ് സമൂഹത്തിനാവശ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്‍ മനുഷ്യനെ അറിയുന്ന പ്രക്രിയയാണ് നവോത്ഥാനത്തിലൂടെ സാധിച്ചതെന്നും ഇത് സാധ്യമാക്കിയത് സാഹിത്യമാണെന്നും, സമൂഹഘടന പുനര്‍നിര്‍ണയം നടത്തണമെങ്കില്‍ ഭൗതികമായ ഉയര്‍ച്ച ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെ മറികടക്കാന്‍ കേരളസമൂഹത്തിന്‍റെ പിന്തുണ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇത്തരം പരിപാടികളുമായി മലയാളം സര്‍വകലാശാല മുന്നോട്ടുവരുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല വിവര്‍ത്തനവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. എസ് വിജയരാജേശ്വരി പെരുമാള്‍ മുരുകന്‍റെ സംഭാഷണം പരിഭാഷപ്പെടുത്തി. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സാഹിതി കോ ഓര്‍ഡിനേറ്റര്‍ ഡോ മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ നന്ദുരാജ് നന്ദി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി കുറേക്കൂടി അക്കാദമിക് തലത്തില്‍ നിന്നുകൊണ്ടാണ് ഇത്തവണ സാഹിതി സംഘടിപ്പിക്കപ്പെടുന്നത്. രണ്ടു ദിവസങ്ങളായി നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും. സാഹിതിയുടെ ഭാഗമായി സര്‍വകലാശാലയില്‍ വിവിധ പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശനവും വില്പനയും നടക്കുന്നുണ്ട്.