ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നാടിന് പ്രയോജനകരമാവും വിധമാണ് കലാശാലയുടെ പ്രവര്‍ത്തനങ്ങള്‍:അഡ്വ. എസ്. ഗിരീഷ്

നാടിന് പ്രയോജനകരമാവും വിധമാണ് കലാശാലയുടെ പ്രവര്‍ത്തനങ്ങള്‍:അഡ്വ. എസ്. ഗിരീഷ്

വൈജ്ഞാനിക രംഗത്തെ നേട്ടങ്ങള്‍ നാടിന് പ്രയോജനകരമാകുന്ന വിധത്തിലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാ ശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും (റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശികതലത്തില്‍  സജീവമായി ഇടപ്പെട്ടുകൊണ്ട് കുടുംബശ്രീ, തദ്ദേശസ്വയംഭരണം  തുടങ്ങിയ രംഗങ്ങളിലും കലാശാലയ്ക്ക് വേണ്ടവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകള്‍ ഒന്നും തന്നെ തുരുത്തില്‍ ഇരിക്കേണ്ട ഒന്നല്ല, അവ ജനകീയപ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ട വയാണ് എന്ന്  പരിപാടിയ്ക്ക് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഉഷ ടൈറ്റസ് ഐ.എ.എസ് പറഞ്ഞു. വിദ്യാഭ്യാസത്തെ ശാസ്ത്രീയ മായ അടിത്തറയിലൂടെ കാണുന്നതുകൊണ്ടാണ് ശാസ്ത്രയാന്‍ എന്ന പേര് പ്രസക്തമാകുന്നത്. കലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കണ്ട് മനസ്സിലാക്കാനും അതിലൂടെ ജനങ്ങളുടെ ആവശ്യകത എന്തെന്നും ഈ പരിപാടിയിലൂടെ മനസ്സിലാക്കോണ്ടതുണ്ടെന്ന് വൈസ്ചാന്‍സലര്‍ കൂട്ടി ച്ചേര്‍ത്തു. രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിക്ഷേമ ഡീന്‍ ഡോ. ടി. അനികുമാരി, റൂസയുടെ  ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എല്‍. ജോഷി, ഡോ. സി. സെയ്തലവി, വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമൃത സുദര്‍ശന്‍, വിനീഷ് എ.കെ. എന്നിവര്‍ സംസാരിച്ചു.

വിവിധ പഠനവിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങളും  ശില്പശാലകള്‍, കലാപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നിവ നടന്നു. സംസ്‌കാരപൈതൃകപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിറയാട്ടത്തെ ക്കുറിച്ച് മൂര്‍ക്കനാട് പീതാംബരന്‍ ആശാന്‍ സോദാഹരണപ്രഭാഷണവും അവതരണവും നടന്നു. സാമൂഹ്യശാസ്ത്രവിഭാഗം  കോഴിക്കോട് ‘നിറവിന്റെ’ സഹകരണത്തോടെ മാലിന്യസംസ്‌കരണം, കടലാസ് പേനനിര്‍മ്മാണം എന്നിവയില്‍ ശില്‍പശാല നടത്തി. സാഹിത്യവിഭാഗം നടത്തിയ തെളിമലയാളം ശില്‍പശാലയില്‍ തിരൂര്‍ മേഖലയിലെ അദ്ധ്യാപക പരിശീലനകേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ.അശേക് ഡിക്രൂസ്, ഡോ. സി.ഗണേഷ്, ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പൈതൃകമ്യൂസിയം, അറബിമലയാള പഠനകേന്ദ്രം, ഭിന്നഭാഷാശേഷീ പഠനം, ഓര്‍മ്മച്ചെപ്പ്, സാഹിത്യനായകര്‍ക്കൊപ്പം എന്നീ പ്രദര്‍ശനങ്ങള്‍ക്കു പുറമെ സര്‍വകലാശാല നിര്‍മ്മിച്ച ഡോക്യുമെന്ററി/ഹ്രസ്വചിത്രം എന്നിവയും പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം നാളെയും തുടരും.