ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

നല്ല സാഹിത്യമാണ് ഭാഷയെ  നിലനിര്‍ത്തുന്നത്: യു.കെ. കുമാരന്‍

നല്ല സാഹിത്യമാണ് ഭാഷയെ  നിലനിര്‍ത്തുന്നത്: യു.കെ. കുമാരന്‍

നല്ല ഭാഷയും ഭാവനയും ഉണ്ടായാല്‍ മാത്രമെ നല്ല സാഹിത്യമുണ്ടാകൂ, ആ സാഹിത്യത്തിലൂടെയാണ്  ഭാഷ നിലനില്‍ക്കുന്നത്  എന്ന് യു.കെ കുമാരന്‍. മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാതൃഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാതൃഭാഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ പദ്ധതികളും നിയമങ്ങളും വേണ്ടത്ര രീതിയില്‍ വിജയിച്ചിട്ടില്ല.  മാതൃഭാഷയെ മറ്റു ഭാഷകളില്‍ നിന്നും മാറ്റി നിര്‍ത്താതെ ഭാഷയിലൂടെ തങ്ങള്‍ക്ക്  മുന്നേറാന്‍ സാധിക്കും എന്ന സമീപനമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷയില്‍ മനുഷ്യന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും  ഭാഷയുടെ വരവോടെ വിനിമയങ്ങള്‍ സങ്കോചിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. ഭാഷയുടെ വരവോടുകൂടി  അതുവരെ നടന്നിരുന്ന ആംഗ്യഭാഷകളും ശരീരഭാഷകളും എല്ലാം തന്നെ ഇല്ലാതാവുകയാണ് ഉണ്ടായത്. വാക്കുകളുടെ കൗതുകങ്ങളാണ് തന്നെ കവിതയുടെ ലോകത്തേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന് ചടങ്ങില്‍ പി.പി.രാമചന്ദ്രന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. സി. ഗണേഷ്, എം. വിനീഷ് എന്നിവര്‍ സംസാരിച്ചു.  ഉച്ചയ്ക്ക് ശേഷം നടന്ന കാമ്പസ് പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എഴുത്തുകാര്‍ അവരരവരുടെ കൃതികളെ വിമര്‍ശിക്കാനും ഓരോ കൃതികളുടെയും പോരായ്മകള്‍ നികത്തിക്കൊണ്ട് അടുത്തകൃതികളുടെ രചനയിലേക്ക് കടക്കേണ്ടതാണെന്നും  അദ്ദേഹം പറഞ്ഞു. മാതൃഭാഷയുടെ കൂടെ മറ്റ് ഭാഷകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന സങ്കരഭാഷ ഒരിക്കലും മാതൃഭാഷയെ പരിപോഷിപ്പിക്കുകയില്ലെന്നും ഭാഷയെ അതിന്റെ ശുദ്ധിയോടുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വിവിധ പുരസ്‌കാരങ്ങള്‍ നേടിയ കാമ്പസിലെ വിദ്യാര്‍ത്ഥികളായ  ആന്റോ സാബിന്‍ ജോസഫ് (മാതൃഭൂമി അന്താരാഷ്ട്ര കഥാമത്സരത്തില്‍ ഒന്നാം സമ്മാനം), ഡിന്നുമോന്‍(മാതൃഭൂമി അന്താരാഷ്ട്ര കഥാമത്സരത്തില്‍ അവസാന ഇരുപതില്‍ ഇടം നേടി), ആദില കബീര്‍(പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ സ്മാരക യുവപ്രതിഭാപുരസ്‌കാരം), ധിംന രാജ്(ക്യൂബ് ഫെലോഷിപ്പ്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡോ.ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന് ചടങ്ങില്‍  ഡോ. പി.വി. പ്രകാശ് ബാബു ചടങ്ങില്‍ മാതൃഭാഷദിന പ്രഭാഷണം നടത്തി.  ഡോ. അശോക് ഡിക്രൂസ്, കെ. ഹര്‍ഷ എന്നിവര്‍ സംസാരിച്ചു.