ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുല്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാങ്കേതിക  ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം –   കെ.ടി. ജലീല്‍

തുല്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം – കെ.ടി. ജലീല്‍

 
 
ഒരേ ചാന്‍സലര്‍ക്ക് കീഴിലുള്ള കേരളത്തിലെ സര്‍വകലാശാലകളിലെ കോഴ്സുകള്‍ തുല്യമാണെന്ന് തീരുമാനിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍.   മലയാള സര്‍വകലാശാലയുടെ നാലാമത് ബിരുദദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഓരോന്നിനും പ്രത്യേകം തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.  കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കോഴ്സ് കഴിഞ്ഞവര്‍ക്കും കേരളത്തില്‍ തുടര്‍ പഠനത്തിനോ ജോലിക്കോ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഗുണകരമല്ല.  ഇതിന്‍റെ സാങ്കേതികതകള്‍ ഒഴിവാക്കണം.  
മലയാള സർവകലാശാലാ സിൻഡിക്കേറ്റ് ഉടൻ പുന:സംഘടിപ്പിക്കുമെന്നും നൂതന കോഴ്സുകള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നത് ഒഴിവാക്കാന്‍ കേരളത്തിലെ സ്വാശ്രയ രീതിയില്‍  പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല സര്‍വകലാശാലകളുടെയും മള്‍ട്ടി ക്യാമ്പസ് സമ്പ്രദായം അധിക ചെലവ് സൃഷ്ടിക്കുന്നുണ്ട്.  അധ്യാപകരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ട്.  പ്രളയാനന്തര കേരളത്തില്‍ ഇത് അധിക ബാധ്യതയാണ്.  ഇതൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.
പത്ത് വകുപ്പുകളിലായി 130 വിദ്യാര്‍ത്ഥികളാണ് ബിരുദദാനന്തര ബിരുദം  സ്വീകരിച്ചത്.  സി. മമ്മൂട്ടി എം.എല്‍.എ ആശംസാഭാഷണം നിര്‍വഹിച്ചു.  മലയാള സര്‍വകലാശാല കേരളത്തനിമ മുറുകെ പിടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  അനിതകുമാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പരീക്ഷാ കൺട്രോളർ ഡോ.ഇ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.