തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ‘അക്ഷരം’ എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. വൈസ്ചാന്‍സലര്‍ വായനാദിന സന്ദേശം നല്‍കികൊണ്ടാണ് ചാനലിന് തുടക്കം കുറിച്ചത്. നമ്മുടെ ആത്മാവിന്‍റെ സമ്പൂര്‍ണമായിട്ടുള്ള പുരോഗതിയാണ് വായനയിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും വായനയിലൂടെയാണ് ഓരോരുത്തരും ശരിയായി വികാസം പ്രാപിക്കുന്നതെന്നും വായനാദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ആധുനികമായ സാങ്കേതികവിദ്യകള്‍ക്ക് അനുസൃതമായി മലയാളഭാഷാപഠനവും നവീനമായ രൂപഭാവങ്ങള്‍ കൈകൊണ്ടിരിക്കുകയാണെന്നും അത്തരമൊരു സംരംഭമാണ് ഈ ചാനല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ ജൂണ്‍ ഒന്ന് മുതല്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ചാനലിലൂടെ ലഭ്യമാക്കും. സാമൂഹിക സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരായ വ്യക്തികളുടെ പ്രഭാഷണങ്ങള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ഡോക്യൂമെന്‍ററികള്‍ തുടങ്ങിയവയെല്ലാം ഈ ചാനല്‍ വഴി വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സര്‍വകലാശാല സംഘടിപ്പിക്കുന്ന ഒട്ടനവധി മറ്റ് പരിപാടികളും ഈ ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നതാണ്. പരിപാടിയില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.രാജീവ് മോഹന്‍, കെ.വി.ശശി, ഡോ. സ്മിത കെ നായര്‍, വി. സ്റ്റാലിന്‍, പി.കെ. സുബ്രഹ്മണ്യന്‍, കെ. രത്നകുമാര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു