ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ.വി.അനില്‍ കുമാര്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റു 

ഡോ.വി.അനില്‍ കുമാര്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റു 

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.വി. അനില്‍ കുമാര്‍ ചുമതലയേറ്റു. ക്യാമ്പസിലെത്തിയ അവരെ രജിസ്ട്രാര്‍ ഡോ. കെ. എം.ഭരതന്‍, വിദ്യാര്‍ത്ഥി ഡീന്‍ ഡോ. ടി. അനിതകുമാരി, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം പ്രൊഫസറും എഴുത്തുകാരനും വിമര്‍ശകനുമാണ് ഡോ.വി. അനില്‍കുമാര്‍. അനില്‍ വള്ളത്തോള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മലപ്പുറം തിരൂര്‍, മംഗലം സ്വദേശിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1986 ല്‍ മലയാളത്തില്‍ ബിരുദാനന്തരബിരുദം ഒന്നാം റാങ്കോടുകൂടി പാസ്സായി. അദ്ധ്യാപനത്തില്‍ മുപ്പതു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. പതിനഞ്ചോളം പുസ്തകങ്ങളും എഴുപതോളം ഗവേഷണപ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കണ്ണൂര്‍ സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.

മലയാളസര്‍വകലാശാലയുടെ വികാസം കേവലം ബിരുദാന്തരബിരുദത്തിലൂടെ മാത്രമല്ലെന്നും ഭാഷയുടെ ഇനിയുള്ള വികാസം ഗവേഷണങ്ങളിലൂടെയായിരിക്കുമെന്ന് വൈസ് ചാന്‍സലറായി ചുമതലയേറ്റു കൊണ്ട് ഡോ. വി. അനില്‍ കുമാര്‍ പറഞ്ഞു. വിജ്ഞാനം മലയാളത്തിലൂടെ വളര്‍ന്നുവരേണ്ടതാണെന്നും അതിന് സര്‍വകലാശാല മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാംസ്‌കാരിക വികാസത്തില്‍ സവിശേഷ പ്രധാന്യം അര്‍ഹിക്കുന്ന തിരൂരില്‍ തന്നെ  ഭാഷയുടെ വളര്‍ച്ചയും വികാസവും  ഉയര്‍ത്തുന്ന സര്‍വകലാശാലയുടെ  സ്ഥിരംകെട്ടിടം പണിയേണ്ടതുണ്ടെന്നും, തര്‍ക്കരഹിതമായ ഭൂമി ഏറ്റെടുക്കണം എന്ന തീരൂമാനം കൊണ്ടാണ് ഭൂമിയുടെ കാര്യത്തില്‍ സാവകാശം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ സര്‍വകലാശാലയുടെ  കോഴ്‌സുകള്‍, ജീവനക്കാര്‍ എന്നിവയെല്ലാം പൂര്‍ണതയില്‍ എത്തണമെങ്കില്‍ സ്ഥാപിതതാല്പര്യങ്ങളില്ലാത്ത കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതലയേറ്റതിനുശേഷം അദ്ധ്യാപക-അനദ്ധ്യാപകരോട് സംവദിച്ചു.