മലയാളസർവകലാശാലയിലെ സംസ്കാര പൈതൃകപഠനവകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന 'കൊയിലാണ്ടി പൈതൃക സർവേ 'യുടെ ആദ്യ ഘട്ട ക്യാമ്പ് മെയ് 7, 8, 9, 10 തീയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടന്നു. ഫാക്കൽറ്റി ഡീൻ ഡോ. കെ.എം. ഭരതൻ, വകുപ്പധ്യക്ഷ ഡോ. ടി.വി. സുനീത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചതുർദിന ക്യാമ്പിൽ 4 ഗവേഷകരും 9 എം.എ വിദ്യാർത്ഥികളും പങ്കെടുത്തു. ക്യാമ്പ് അംഗങ്ങൾ നാല് ടീമുകളായി തിരിഞ്ഞ് കൊയിലാണ്ടിയുടെ സാമൂഹ്യരൂപീകരണത്തിന്റെയും ചരിത്രത്തിന്റെയും പൈതൃകം, വിജ്ഞാന- വാണിജ്യ പൈതൃകം, ഹുക്കാ- കരകൗശല പൈതൃകം, പിഷാരികാവ്-പാറപ്പള്ളി- വിശ്വാസപൈതൃകം എന്നീ മേഖലകളിൽ പ്രാഥമിക വിവരശേഖരണവും ഫീൽഡ് വർക്കും നടത്തി. ആവേദകരിൽ നിന്നും ഇതര സാമഗ്രികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് അവസാന ദിവസം ഗ്രൂപ്പ് ലീഡർമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സാമൂഹികശാസ്ത്ര ഗവേഷണത്തിലെ പ്രധാന രീതിശാസ്ത്രങ്ങളിലൊന്നായ ഫീൽഡ് ഗവേഷണത്തെ അടുത്തറിയാനും പ്രാദേശിക ചരിത്ര- പൈതൃക രചനാ സങ്കേതങ്ങളെ പരിചയപ്പെടാനും ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.