'കൂട്ടായി' എന്ന് പേരിട്ട മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയൂണിയന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. ഓലകൊണ്ട് അലങ്കരിച്ച, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉദ്ഘാടനവേദിയില്‍ ബാല്യകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ആകാശവാണിയിലെ ഹക്കീം കൂട്ടായി ഉദ്ഘാടന പ്രസംഗം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിസദസ്സ് വികാരനിര്‍ഭരമായി. ഡോക്ടര്‍മാര്‍ എട്ട് മണിക്കൂര്‍ ആയുസ്സ് വിധിച്ച കുഞ്ഞിനെ ആറ് മണിക്കൂര്‍കൊണ്ട് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ച കാസര്‍കോട്ടെ തമീം ഉദ്വേഗനിരഭരമായ യാത്രയുടെ കഥ സദസ്സുമായി പങ്ക് വെച്ചു. യാത്രക്കിടെ, നന്മനിറഞ്ഞമനസ്സുമായി രാത്രി വളരെ വൈകിയും റോഡരികില്‍ കാത്തിരുന്ന് വേഗം, വേഗം എന്ന് കൈകാണിച്ച ആയിരകണക്കിന് മലയാളികളെ നമിക്കുന്നു- തമീം പറഞ്ഞു. യൂണിയന്‍ചെയര്‍മാന്‍ കെ. പ്രണവ് അദ്ധ്യക്ഷനായിരുന്നു. നടകോത്സവവും പ്രഭാഷണപരമ്പരയും സെമിനാറുമൊക്കെയായി 13 ഇന കര്‍മപരിപാടിയ്ക്ക് യൂണിയന്‍ രൂപം നല്‍കിയതായി പ്രണവ് പറഞ്ഞു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകങ്ങളായ പരിപാടികളാണ് പുതിയ യൂണിയന്‍ കാഴ്ചവെക്കാന്‍ പോകുന്നത്. രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍, യൂണിയന്‍ അഡൈ്വസര്‍ ഡോ.കെ.പി. ശ്രീരാജ് ഫൈന്‍ ആട്‌സ് അഡൈ്വസര്‍ ഡോ. രോഷ്‌നി സ്വപ്ന , യൂണിയന്‍ ജനറല്‍സെക്രട്ടറി ടി. പി.അഭിജിത്ത്, ജോ. സെക്രട്ടറി കെ. നജ്മത്ത് എന്നിവര്‍ സംസാരിച്ചു. വൈ.ചെയര്‍മാന്‍ കെ.പി. അജിത്ത് തമീമിനും നിര്‍വാഹകസമിതി അംഗം എം.എ. അഖില്‍ ഹക്കീം കൂട്ടായിക്കും ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് വയനാട് ഉണര്‍വ് നാടന്‍കലാസംഘം നാടന്‍പാട്ടുകളും നൃത്തവും അവതരിപ്പിച്ചു.