കേരളത്തിന്റെ തനത് ആയോധനകലയായ കളരിയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായികവകുപ്പും മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരി പാരമ്പര്യം അനുശീലനവും ദര്‍ശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എൻ വാസവൻ, മുഹമ്മദ് റിയാസ്, ജി. ആര്‍. അനില്‍, ആന്റണി രാജു, മലയാള സര്‍വകലാശാല വി സി അനില്‍ വള്ളത്തോള്‍, കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ്, സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, കായിക ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ ഐ എ എസ്, മലയാള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ ഇ. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മലയാള സര്‍വകലാശാല നിയോഗിച്ച ഗവേഷക സംഘമാണ് ഗ്രന്ഥം തയ്യാറാക്കിയത്. ഇവര്‍ കേരളത്തിലെ 14 ജില്ലകളിലും സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചു. അക്കാദമിക സ്വഭാവമുള്ള ഗവേഷണ പ്രബന്ധങ്ങള്‍, കളരിയുമായി ബന്ധപ്പെട്ട പദങ്ങളുടെ നിഘണ്ടു, അടവുകള്‍, ചുവടുകള്‍, ശൈലികള്‍ എന്നിവയുടെ സചിത്ര വിവരണം ഗ്രന്ഥത്തിലുണ്ട്. വായ്ത്താരികള്‍, കളരിചികിത്സയുമായി ബന്ധപ്പെട്ട പ്രാഥമികവിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രന്ഥസൂചി എന്നിവയുമുണ്ട്. കളരിയിലെ വിവിധ പാരമ്പര്യങ്ങളെ പ്രാതിനിധ്യ സ്വഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ ഗ്രന്ഥം ശ്രമിക്കുന്നുണ്ട്. ഡോ. കെ എം അനില്‍, നിഖില ജോസ്, ഡോ. ശ്രീദേവി പി അരവിന്ദ് എന്നിവരാണ് കളരി ഗ്രന്ഥത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചത്. ഇംഗ്ലീഷ് പരിഭാഷയും ഉടന്‍ പുറത്തിറക്കും.
കളരിയുടെ സവിശേഷതകള്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനുള്ള നടപടികള്‍ യുനസ്‌കോയുടെ സഹായത്തോടെ സ്വീകരിക്കും.