ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് ഇന്ന് (16.11.18)
തിരൂര്‍: ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് ഇന്ന് (16.11.18) രാവിലെ 10ന് തുടക്കമാവും. പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ ആമുഖഭാഷണവും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസര്‍ പ്രൊഫ. ഡോ.ഹര്‍ബന്‍സ് മുഖിയ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ എം.പി. ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍, തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടി , താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍ , തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ബാവ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മെഹറുന്നീസ, ബഷീര്‍ കൂട്ടായി, തുഞ്ചന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഉഷാകുമാരി, മലയാളസര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരി, കേരള ചരിത്രകോണ്‍ഫറന്‍സ് സെക്രട്ടറി പ്രൊഫ. ഗോപാലന്‍ കുട്ടി, ഡോ. സി.എ. അനസ്, കെ. പ്രണവ് എന്നിവര്‍ സംസാരിക്കും. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വൈജ്ഞാനിക, അനുസ്മരണ പ്രഭാഷണങ്ങളും സിമ്പോസിയങ്ങളും നടക്കും. 17 (നാളെ)ന് ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എന്‍. ഗണേഷ്, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിക്കും. നാളെ(17.11.18) മുതല്‍ നാലു വേദികളിലായി ആയിരത്തോളം ഗവേഷകരുടെയും ചരിത്രാന്വേഷകരുടെയും പ്രാചീന, മധ്യകാല, ആധുനിക കേരളചരിത്രത്തിലും, അനുബന്ധ മേഖലകളിലുമുള്ള പ്രബന്ധങ്ങളുടെ അവതരണങ്ങള്‍ നടക്കുന്നതാണ്.
ഇതോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ കേരള കലാമണ്ഡലത്തിന്‍റെ ‘ശതമോഹനം’ മോഹിനിയാട്ടം നൃത്താവിഷ്കാരവും സിറാജ് അമല്‍ലിന്‍റെ നേത്യത്വത്തിലുള്ള ഗസല്‍ സന്ധ്യയും, ഗോത്രകല പടയണി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പടയണിയും ഉണ്ടായിരിക്കുന്നതാണ്. 18ന് ജ്ഞാനപീഠജേതാവും മലയാളത്തിന്‍റെ കഥാകാരനുമായ എം.ടി. വാസുദേവന്‍ നായരെ ആദരിക്കലും അദ്ദേഹത്തിന്‍റെ ജീവിതവും രചനയും ആസ്പദമാക്കി സര്‍വകലാശാല നിര്‍മിച്ച ഡോക്യൂമെന്‍ററിയുടെ പ്രകാശനവും പ്രദര്‍ശനവും നടക്കുന്നതാണ്. എം. ഷിനാസിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.