ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ആറാം അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സ് സമാപിച്ചു

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് സമാപിച്ചു

തിരൂര്‍: സാമൂഹികമായ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിലായിരിക്കണം ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കേണ്ടതെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളതെന്നും സമൂഹത്തിന്റെ വ്യവസ്ഥകളെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്ന പാഠ്യപദ്ധതികള്‍ക്ക്  ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ലഭിക്കുന്നതിന്റെ പകുതി പ്രാധാന്യം പോലും പ്രൈമറി വിദ്യാഭ്യാസത്തിന് ലഭിക്കുന്നില്ല, അടിത്തട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എങ്കില്‍ മാത്രമേ വ്യക്തികളിലെ നൈസര്‍ഗികമായ കഴിവുകളെ വികസിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ വളരെ മികച്ച രീതിയില്‍ നിര്‍മ്മിച്ചെടുത്ത ഉത്പന്നമായാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കാണുന്നത്. ഇത്തരത്തിലെ ഉത്പന്നവല്‍ക്കരണം വിദ്യാര്‍ത്ഥികളെ സ്വാര്‍ത്ഥചിന്തയിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
എ.എം. ഷിനാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനത്തില്‍ ഡോ. പി.ജെ. വിന്‍സെന്റ്, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. സതീഷ് പാലങ്കി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ ‘മലബാര്‍ സമര ശതാബ്ദി സ്മാരകപ്രഭാഷണം’ നിര്‍വഹിച്ചു.
ഉത്തരവാദിത്വത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും സമൂഹം നല്‍കാന്‍ തയ്യാറാകാത്ത സ്വാതന്ത്ര്യം ചോദിച്ചുവാങ്ങാന്‍ മടിക്കേണ്ടതില്ലെന്നും സിസ്റ്റര്‍ ജെസ്മി. ഇന്ന് സമൂഹമാധ്യമങ്ങള്‍ സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍  സ്ത്രീകള്‍ക്ക് എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയുണ്ടായിട്ടുണ്ടെന്നും ‘വേണം എന്നോ ഉണ്ട് എന്നും പറയുന്നതുപോലെ വേണ്ട എന്നും ഇല്ല എന്നും’ പറയാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആറാമത് അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു നടന്ന ‘ചരിത്രവും ലിംഗനീതിയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ഡോ. സ്മിത കെ. നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സംവാദത്തില്‍ ഡോ. ഷംസാദ് ഹുസൈന്‍, സോണിയ ഇ.പ., ഡോ. ശ്രീജ എല്‍.ജി.  ഡോ. ധന്യ ആര്‍. എന്നിവര്‍ സംസാരിച്ചു. സമാന്തര സെഷനുകളിലായി ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രബന്ധാവതരണങ്ങളും നടന്നു.
ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ കഥാകാരനുമായ എം.ടി. വാസുദേവന്‍ നായരെ കുറിച്ച് ഡോ. അന്‍വര്‍ അബ്ദുള്ള തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം എം.ആര്‍. രാഘവവാരിയര്‍ നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ഡോ. സതീഷ് പാലങ്കി  എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്റെ അഞ്ചാമത് പ്രൊസീഡിംഗ്‌സ് വാല്യം പ്രൊഫ. കെ. ഗോപാലന്‍കുട്ടി ഡോ. അനില്‍ വള്ളത്തോളിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. കെ. മനോജ് നന്ദി പറഞ്ഞു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച്  വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചുമര്‍ചിത്രം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതില്‍ പ്രമേയം ഡോ.പി. സതീഷ് പാലങ്കി അവതരിപ്പിക്കുകയും ഡോ. പി. ശിവദാസന്‍ അനുവാദകനുമായി.