ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ആറാം അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സ് 2018

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് 2018

തിരൂര്‍: കേരളത്തിന്‍റെ ചരിത്രം, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക- സാമ്പത്തിക- ബൗദ്ധിക ചരിത്രമേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ്  നവംബര്‍ 16, 17, 18 തീയതികളില്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ വച്ച് നടക്കും. 16ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.  ഉദ്ഘാടനസമ്മേളനത്തില്‍ എഴുത്തിന്‍റെ കുലപതിയായ  എം.ടി. വാസുദേവന്‍ നായരെ കോണ്‍ഫറന്‍സില്‍ ആദരിക്കും. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല  മുന്‍ ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ.ഹര്‍ബന്‍സ് മുഖിയ മുഖ്യ പ്രഭാഷണം നടത്തും.  ഡോ. എം.ആര്‍. രാഘവവാരിയര്‍ ഏ. ആര്‍. സ്മാരകപ്രഭാഷണവും, ഡോ. പി. പവിത്രന്‍ ജോര്‍ജ് മാത്തന്‍ സ്മാരകപ്രഭാഷണവും, പ്രൊഫ. രാജന്‍ ഗുരുക്കള്‍ മലബാര്‍കലാപ ശതാബ്ദി പ്രഭാഷണവും നടത്തും.
17ന് ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എന്‍. ഗണേഷ്, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിക്കും.
ആയിരത്തോളം ഗവേഷകരും ചരിത്രാന്വേഷകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍   പ്രാചീന, മധ്യകാല, ആധുനിക കേരളചരിത്രത്തിലും, അനുബന്ധ മേഖലകളിലും പ്രബന്ധാവതരണങ്ങളും പുരാരേഖ-പുരാവസ്തു പ്രദര്‍ശനങ്ങള്‍, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം, +കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനം, ചരിത്രപഠനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങളും  പ്രശസ്ത പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശനവും വില്‍പനയും, നടക്കും.
 കേരള കലാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘ശതമോഹനം’ മോഹിനിയാട്ടം നൃത്താവിഷ്കാരം, ഗസല്‍ സന്ധ്യയും  മലയാളസര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കോണ്‍ഫറന്‍സിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുമുള്ള അവസാനതീയതി നവംബര്‍ 13 വരെ നീട്ടിയിരിക്കുന്നു. മികച്ച പ്രബന്ധങ്ങള്‍ക്ക് പ്രശസ്തിപത്രവും കാഷ് അവാര്‍ഡും നല്‍കുന്നതാണ്. കോണ്‍ഫറന്‍സിന്‍റെ വിജയകരമായ നടത്തിപ്പിനായി ഡോ. കെ.ടി. ജലീല്‍ ചെയര്‍മാന്‍ന്മാരായും, താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍ , തിരൂര്‍ എം.എല്‍.എ. സി. മമ്മൂട്ടി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാനായും 25 അംഗങ്ങളടങ്ങിയ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോണ്‍ഫറന്‍സിന്‍റെ ജനറല്‍ കണ്‍വീനറായി ഡോ. കെ.എം. അനിലും കണ്‍വീനറായി ഡോ. ടി. അനിതകുമാരിയും ലോക്കല്‍ സെക്രട്ടറിയായി ഡോ. സതീഷ് പാലങ്കിയും പ്രവര്‍ത്തിക്കുന്നു.