പറവണ്ണ ജി. എം. യു. പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സ് മുറികളിലും ലൈബ്രറി ഏര്‍പ്പെടുത്തിക്കൊണ്ട് മലയാളസര്‍വകലാശാല ആവിഷ്‌കരിച്ച 'അക്ഷരസ്‌നേഹം' പദ്ധതി സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായി. കുഞ്ഞുമനസ്സുകളില്‍ പുതിയ ആകാശങ്ങള്‍ വിരിയിക്കാന്‍ അക്ഷരസ്‌നേഹം പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് പി.പി. മെഹറുന്നീസയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. എം. എന്‍ കാരശ്ശേരി സാംസ്‌കാരിക പ്രഭാഷണം നടത്തി. അനീതിയില്ലാത്ത സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് പുസ്തകങ്ങള്‍ ശക്തമായ ആയുധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ. ജയകുമാറിനെ പി.ടി.എ പ്രസിഡണ്ട് സി.പി കുഞ്ഞുമരക്കാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ് മാസ്റ്റര്‍ എ. ഹരീന്ദ്രന്‍, കലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അശോക് ഡിക്രൂസ്, എം. പി ജാബിര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് എ.പി. ഉബൈദ് തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി അനുസരിച്ച് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും എല്ലാ ക്ലാസ്സിലേക്കുമുള്ള ഷെല്‍ഫുകളും സര്‍വകലാശാല സ്‌കൂളിന് സമ്മാനിച്ചു.