ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

സർവകലാശാല

കേരളസര്‍ക്കാറിന്‍റെ 2012 ലെ ഉത്തരവിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2013 ഏപ്രിലില്‍ രൂപമെടുത്ത തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട് നിലവില്‍ വന്നു. 2012 നവംബര്‍ ഒന്നിനാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മാതൃഭാഷാഭിമാനം വളര്‍ത്താനും മലയാളി സമൂഹത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സാഹിത്യം, ശാസ്ത്രം, മാനവികവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാളമാധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാളഭാഷ, താരതമ്യസാഹിത്യം, മലയാളവിമര്‍ശനം, സംസ്കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്രഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറുകഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്‍റെ വൈജ്ഞാനിക പാരമ്പര്യം, പുരാതത്വ വിജ്ഞാനം, മ്യൂസിയപഠനം, പരിഭാഷ എന്നിവയെയെല്ലാം മുന്‍നിര്‍ത്തി സവിശേഷപഠനങ്ങള്‍ നിര്‍വഹിക്കുക എന്നിവയും ഈ സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യമാണ്. മലയാളഭാഷാ മാധ്യമത്തിലൂടെ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും നിര്‍വഹിക്കാനുള്ള സൗകര്യമാണ് സര്‍വകലാശാല ഒരുക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക - ബൗദ്ധിക പാരമ്പര്യത്തിന് ഊന്നല്‍ നല്‍കിയാണ് മേല്‍പ്പറഞ്ഞ കോഴ്സുകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്‍റെ സാംസ്കാരികമായ ഈടുവെപ്പുകള്‍ ശേഖരിക്കുക, സംരക്ഷിക്കുക, അവതരിപ്പിക്കുക എന്നിവയും സര്‍വകലാശാല അതിന്‍റെ പ്രധാന ദൗത്യമായി പരിഗണിക്കുന്നു. മാത്രമല്ല പുതിയ വിവരസാങ്കേതിക വിദ്യക്കനുഗുണമായി മലയാളത്തെ വികസിപ്പിക്കാനുള്ള പദ്ധതികളും സര്‍വകലാശാലയുടെ പരിപ്രേക്ഷ്യത്തില്‍ വരുന്നതാണ്.

                മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളില്‍ ഉന്നതനിലവാരമുള്ള ബിരുദാനന്തരബിരുദ കോഴ്സുകള്‍ നടത്തുന്നതിനായി മലയാളസര്‍വകലാശാല പ്രധാനപ്പെട്ട മേഖലകളില്‍ ഗവേഷണവും പുസ്തകങ്ങള്‍, ജേണലുകള്‍ എന്നിവയുടെ പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ക്ലാസ്സിക്കല്‍ മലയാളത്തിനുവേണ്ടിയുള്ള മികവുകേന്ദ്രം മലയാളസര്‍വകലാശാലയിലാണ് ആരംഭിച്ചിട്ടുള്ളത്. മലയാളഭാഷയെ സമകാലസാഹചര്യത്തിനനുസരിച്ച് ശാക്തീകരിക്കാനും മലയാളത്തിലെ കൃതികളെ  മറ്റ് ഇന്ത്യന്‍ ഭാഷയിലേക്കും വിദേശഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യാനും കൂടുതല്‍ ഉയര്‍ന്ന ഗവേഷണപഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് പ്രസ്തുത മികവുകേന്ദ്രം മലയാളസര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഏത് വിജ്ഞാനശാഖയും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മലയാളത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളസര്‍വകലാശാല അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

                കേരളത്തിന്‍റെ ഭാഷ, സാഹിത്യം, കലകള്‍, മറ്റ് സാംസ്കാരികാവിഷ്കാരങ്ങള്‍, ബൗദ്ധിക പാരമ്പര്യം ആഴത്തിലുള്ള ജനജീവിതം എന്നിവയിലൂന്നിയുള്ള പഠനത്തിനായി സമര്‍പ്പിക്കപ്പെട്ട സ്ഥാപനമാണ് മലയാളസര്‍വകലാശാല സമകാല ജീവിതത്തിനാവശ്യമായ വിധം മേല്‍പ്പറഞ്ഞ മേഖലകളില്‍ പുതിയ കാഴ്ചപ്പാടുകളും അറിവും സങ്കല്‍പ്പനങ്ങളും വികസിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തിലുണ്ടാകുന്ന പരിണാമങ്ങളുടെ വഴികള്‍ നിരന്തരമായി നിരീക്ഷിക്കാനും വിലയിരുത്താനും അതിനനുഗുണമായി മലയാളഭാഷയേയും കേരളസംസ്കാരത്തേയും മലയാള ധൈഷണികതയേയും ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയും വിധം സജ്ജമാക്കാനും സര്‍വകലാശാല പ്രതിബദ്ധമാണ്.