ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സൈൻസ് ഫിലിം ഫെസ്റ്റിവലിന് പ്രൗഢ​ ഗംഭീര തുടക്കം.

സൈൻസ് ഫിലിം ഫെസ്റ്റിവലിന് പ്രൗഢ​ ഗംഭീര തുടക്കം.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകം  സംഘടിപ്പിക്കുന്ന പതിനേഴാമത് സൈൻസ് ഫിലിം ഫെസ്റ്റിവലിന് തിരൂരിൽ പ്രൗഢ​ഗംഭീര തുടക്കം. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിൽ വച്ച് നടക്കുന്ന മേള  ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്കാരത്തെയും സർ​ഗാത്മകതെയും ഏകശിലാ രൂപത്തിലാക്കുന്ന ശക്തികളെ ജനകീയ സംഘാടനത്തിലൂടെ മാത്രമേ ഇല്ലാതാക്കാൻ സാധിക്കുകയുള്ളു എന്ന് മന്ത്രി പറഞ്ഞു. കലാ മൂല്യമുള്ള ചലച്ചിത്രങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും അവ​ഗണിക്കാനാവില്ലെന്നും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബർ 1ന് ആരംഭിച്ച  മേള ശനിയാഴ്ച്ച അവസാനിക്കും. രണ്ട് സ്ക്രീനുകളിൽ വിവിധ വിഭാ​ഗങ്ങളിലായി 133 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്.പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ സംവിധാനം ചെയ്ത ഫൈനൽ സൊലൂഷൻ ആയിരുന്നു  ‍ മേളയുടെ ഉദ്ഘാടന ചിത്രം. 26 ‍ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ജോൺ എബ്രഹാം പുരസ്ക്കാരത്തിനായി മത്സരിക്കും. മേളയിലെ ഫോക്കസ് എന്ന മത്സരേതര വിഭാ​ഗത്തിൽ 16 ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.
തിരൂർ എം എൽ എ കുറുക്കോളി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ രാകേഷ് ശർമ്മ മുഖ്യാതിഥിയായി. ചടങ്ങിൽ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൽ സുഷമ  ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൺ അധ്യക്ഷൻ ടി വി ചന്ദ്രൻ, സൈൻസ് എക്സിക്യൂട്ടൂവ് ഡയറക്ടർ റെജി എം ദാമോദരൻ , തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദീൻ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലഞ്ചേരി, സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് ഡയറക്ടർ ശ്രീദേവി പി അരവിന്ദ്, സ്കൂൾ ഓഫ് മീഡിയ സ്റ്റഡീസ് ഡയറക്ടർ ‍‍ഡോ. ആർ രാജീവ് മോഹൻ, യൂണിയൻ ചെയർമാൻ ശ്രീകാന്ത്  സൈൻസ് ജനറൽ കൺവീനർ വി പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.