ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

  “ഭാഷ അലങ്കാരമല്ല, ഒരു ആവശ്യമാണ് “- എം ടി വാസുദേവൻനായർ

  “ഭാഷ അലങ്കാരമല്ല, ഒരു ആവശ്യമാണ് “- എം ടി വാസുദേവൻനായർ

തിരൂർ ഭാഷ അലങ്കാരമല്ല , ജീവിതത്തിന്റെ ആവശ്യകതയാണെന്ന് എം ടി വാസുദേവൻ നായർ . പതിറ്റാണ്ടു പിന്നിടുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷവുമായ ഓർച്ച 2022 ന്റെ രണ്ടാം ദിവസം സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സാന്നിദ്ധ്യം കൊണ്ട് വർണ്ണാഭമായി.  സർവകലാശാലയുമായി അഭേദ്യമായ ബന്ധത്തെ കുറിച്ച് സംസാരിച്ച എം.ടി  മലയാള ഭാഷ മലയാളിയുടെ അതിജീവനത്തിന് എത്രമാത്രം ആവശ്യമാണെന്ന് ഓർമിപ്പിച്ചു. പാഠ്യപദ്ധതിയിൽ മലയാളം ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ കൃത്യമായ അവഗാഹം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചെടുക്കാനും കഴിയണം . സാഹിത്യത്തെ ഒഴിച്ചു നിർത്തിയുള്ള മലയാള പഠനം അസാധ്യമാണെന്നും പഴയതുപോലെ വിദ്യാർത്ഥികൾ കവിത മനഃപാഠമാക്കുന്നതിൽ തെറ്റൊന്നുമില്ലായെന്നും എം ടി പറഞ്ഞു. മലയാളികൾ തങ്ങളുടെ അടിത്തറപോലും അറിയാൻ ശ്രമിക്കുന്നില്ല. മലയാളിയുടെ നിലനിൽപ്പ് മലയാള ഭാഷയിലൂടെ മാത്രമാണെന്നും അതിന് മറ്റു വഴികളില്ല എന്നും എം. ടി സദസ്സിനെ ഓർമ്മപ്പെടുത്തി.

                    സാഹിത്യ രചന അധ്യാപകൻ ഡോ. സി ഗണേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന്      സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അദ്ധ്യക്ഷത വഹിച്ചു . മുഖ്യപ്രഭാഷണം നിർവഹിച്ച എം.ടി സർവകലാശാലയുടെ തുടക്കം മുതൽ പത്തു വർഷംവരെയും സർവകലാശാലയുമായി ബന്ധപ്പെട്ട് തന്റെ പേര് ചേർത്തുവയ്ക്കാൻ കഴിഞ്ഞത് നേട്ടമായി കരുതുന്നുവെന്ന് അഭിപ്രായപ്പെട്ടു. കേരള സർക്കാറിന്റെ കേരളജ്യോതി അവാർഡിനർഹനായ എം ടി വാസുദേവൻനായരെ സർവകലാശാല ഉപഹാരം നൽകി ആദരിച്ചു. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.എം വി പിള്ള പ്രഭാഷണം നടത്തുകയും വിവർത്തകൻ കെ.എസ് വെങ്കിടാചലം ചടങ്ങിന് ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി ശ്രുജിത്ത് പി സി നന്ദി പ്രകടിപ്പിച്ചു .

ഉച്ചയ്ക്കുശേഷം സർവകലാശാലയിലെ വിദ്യാർത്ഥികളുടെ രചനാ മത്സരങ്ങളും കലാപരിപാടികളും നടത്തുകയുണ്ടായി.