ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മലപ്പുറത്തിൻ്റെ സമന്വയ സംസ്കാരം” വെബിനാറിന് തുടക്കമായി

മലപ്പുറത്തിൻ്റെ സമന്വയ സംസ്കാരം” വെബിനാറിന് തുടക്കമായി

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സംസ്കാരപെതൃക പഠന സ്കൂൾ കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ മലപ്പുറത്തിന്റെ പ്രാദേശികതയിലൂന്നി സംഘടിപ്പിക്കുന്ന “മലപ്പുറത്തിന്റെ സമന്വയ സംസ്കാരം” എന്ന ദ്വിദിന വെബിനാറിന്‌ തുടക്കമായി. വെബിനാറിൻ്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി. അജയകുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സംസ്കാര പൈതൃകപഠന സ്കൂൾഡയറക്ടർ ഡോ. ജി.സജിന, കേരള ഫോക് ലോർ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡോ. പത്മനാഭൻ കാവുമ്പായി, ഡോ.കെ.വി.ശശി എന്നിവർ സംസാരിച്ചു. വെട്ടം പ്രദേശത്തിന്റെയും മലപ്പുറത്തിന്റെയും സംസ്കാര പൈതൃകത്തിലൂന്നി നിന്നുകൊണ്ട് പഠനസ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഫോക് ലോർ അക്കാദമിയുടെ സഹകരണം കൂടുതൽ ഉണർവേകുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഫോക് ലോറിനെ കേവലം ഗൃഹാതുരതയായി കാണുന്ന രീതി മാറ്റണമെന്നും അതിനെ സമകാല രാഷ്ട്രീയ പ്രക്രിയയുമായി ചേർത്ത് മനസ്സിലാക്കണമെന്നും മുഖ്യ പ്രഭാഷകനായ പത്മനാഭൻ കാവുമ്പായി അഭിപ്രായപ്പെട്ടു. ഡോ. കെ എം. ഭരതൻ മോഡറേറ്ററായ ആദ്യ സെഷനിൽ ദേശമുദ്രകൾ മലപ്പുറത്തിന്റെ കാവ്യപൈതൃകത്തിൽ എന്ന വിഷയത്തിൽ ശ്രീ. വിജു വി. നായരങ്ങാടി പ്രബന്ധം അവതരിപ്പിച്ചു. എഴുത്തച്ഛൻ, വള്ളത്തോൾ. ഇശ്ശേരി, എം.ഗോവിന്ദൻ തുടങ്ങി സമകാലികർ വരെയുള്ള മലപ്പുറം കവികൾ ദേശമുദ്രകളെ കവിതയിൽ ആവാഹിച്ചവരാണ്.മലയാള കവിതയുടെ ഭാവുകത്വ പരിണാമത്തെ സ്വാധീനിക്കുന്നതിനും ഇവർക്കു കഴിഞ്ഞതായി ‘ വിജു നായരങ്ങാടി അഭിപ്രായപ്പെട്ടു. എം.ദീപ നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ സർവകലാശാലകളിലേയും കോളേജുകളിലേയും അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും ചടങ്ങിൽ സംബന്ധിച്ചു. ഇന്ന് ( 17.08.20 21 ) നടക്കുന്ന രണ്ടാം സെഷനിൽ ഡോ. എൻ.കെ.ജമീൽ അഹമ്മദ് ” മലപ്പുറം : ജനകീയ സംസ്കാരത്തിലെ കൊള്ളക്കൊടുക്കലുകൾ ” എന്ന വിഷയത്തിലും ഡോ. ഇ. കെ ഗോവിന്ദവർമ്മ രാജ “വാമൊഴിയിലെ മലബാർലഹള ” എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിക്കും. ഡോ. ടി.വി.സുനീത മോഡറേറ്ററാകുന്ന സെഷനിൽ കെ.പി കൃഷണ നന്ദി പറയും.