‘ശുദ്ധാശുദ്ധ ബോധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നാടുകടത്തപ്പെട്ട അശുദ്ധികളെ തിരികെ വിളിക്കുന്നു’ ഡോ. അനില്‍ വള്ളത്തോള്‍
തിരൂര്‍: ശുദ്ധാശുദ്ധ ബോധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണനിമിത്തം നാടുകടത്തപ്പെട്ട പല അശുദ്ധികളും തിരികെ വരികയാണെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍. കേരള സര്‍ക്കാര്‍ വനിതാശിശുക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടത്തിയ ദേശീയ മനുഷ്യാവകാശദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അതിന്‍റെ നെടുനിദ്രയില്‍ നിന്ന് ഉണര്‍ത്താന്‍ നവോത്ഥാന നേതാക്കള്‍ വളരെയധികം പ്രയത്നിച്ചിട്ടുണ്ടെങ്കിലുംപലവിധത്തിലുള്ള വിവേചനങ്ങള്‍ ഇന്നും തുടരുകയാണെന്നും സ്ത്രീ സമൂഹത്തോടു പുലര്‍ത്തുന്ന മാറ്റിനിര്‍ത്തലുകള്‍ അതില്‍ സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. സ്മിത കെ. നായരുടെ അദ്ധ്യക്ഷതില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസര്‍ നിതാദാസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ.സ്വപ്നാറാണി എസ്, യൂണിയന്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ആര്‍. ശില്പ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം ‘ദേശം സംസ്കാരം ബഹുസ്വരത’ എന്ന വിഷയത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി.
തുടര്‍ന്ന് ‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു.