ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പ്രബന്ധാവതരണങ്ങള്‍

പ്രബന്ധാവതരണങ്ങള്‍

കേരളചരിത്ര കോണ്‍ഫറന്‍സിന്റെ ഭാഗമായി അന്തര്‍വൈജ്ഞാനീയം എന്ന മേഖലയില്‍ പ്രബന്ധാവതരണം നടന്നു.  കാലടി സംസ്‌കൃത സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. എ. പസിലിത്തില്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ വിവിധ വിഷയങ്ങളില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  മലയാളസര്‍വകലാശാല ഗവേഷകരും മാധ്യമപ്രവര്‍ത്തകരും കേരളത്തിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ കൂടാതെ പൊതുജനങ്ങളുടെ കൂടി പങ്കാളിത്തം പ്രബന്ധാവതരണത്തിലുണ്ടായിരുന്നു.  മലയാളസര്‍വകലാശാല സാഹിത്യവിഭാഗം ഗവേഷകന്‍ വിനീഷ് എ.കെ. യുടെ ‘ബൗദ്ധവ്യവഹാരങ്ങളും കേരളീയ നവോത്ഥാനവും – വാഗ്ഭടാനന്ദനെ മുന്‍നിര്‍ത്തിയുള്ള പഠനം’ എന്ന പ്രബന്ധത്തിന്റെ അവതരണത്തോടെയാണ് അഞ്ചാമത്തെ സമാന്തര സെഷന്‍ ഇളംകുളംഹാളില്‍ ആരംഭിച്ചത്.  ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശാസ്താവിന്റെ ബൗദ്ധമത പശ്ചാത്തലം കൂടി വിശകലനം ചെയ്ത പ്രബന്ധം വാഗ്ഭടാനന്ദനൊപ്പം, സഹോദരന്‍ അയ്യപ്പന്റ ബൗദ്ധ താല്‍പര്യം കൂടി ചര്‍ച്ച ചെയ്തു.  മലയാളഭാഷയിലെ സാഹിത്യ പരിചരണവും സാഹിതീയപൊതുമണ്ഡല രൂപീകരണവും എന്ന വിഷയത്തില്‍ മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗം ഗവേഷക രശ്മി ടി.എം. പ്രബന്ധം അവതരിപ്പിച്ചു.  ചരിത്രവും ഐതിഹ്യങ്ങളും വായ്‌മൊഴികളും എന്ന വിഷയത്തില്‍ ആറന്മുളയെ അടിസ്ഥാനമാക്കി സ്വതന്ത്ര ഗവേഷണ പ്രബന്ധവും വയനാട്ടിലെ അടിയാന്‍ സമൂഹത്തിലെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയെക്കുറിച്ച് രോഷിതയും പ്രബന്ധം അവതരിപ്പിച്ചു.  തുടര്‍ന്ന് എറണാകുളം നഗരത്തിന്റെ ചരിത്രം ശബരിമല, തെയ്യാട്ട് കാവുകളിലെ ജാതിലിംഗ വിവേചനം, കുട്ടനാട്ടിലെ നൂറ്റെട്ട് ആചാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.  ഗവേഷണസ്വഭാവമുള്ള പ്രബന്ധങ്ങള്‍ക്കപ്പുറം പ്രാദേശികമായ കണ്ടെടുക്കപ്പെടാത്ത അറിവുകളുടെ പകര്‍ത്തെഴുത്തുകളുടെ വായനകൂടിയായിരുന്ന സമാന്തര സെഷന്‍. മലയാളസിനിമയിലെ ആണിന്റെ പെണ്‍വേഷം കെട്ടിയുള്ള പകര്‍ന്നാട്ടങ്ങള്‍, കുത്തിയോട്ടവും കെട്ടുകാഴ്ചയും, ഇസ്ലാമികചരിത്രത്തില്‍ സയ്യിദന്‍മാരുടെ പങ്ക്, മലബാറിലെ മുസ്‌ലിങ്ങള്‍ക്ക് ഇടയിലെ ‘അറ’ സമ്പ്രദായം എന്നീ പുതുമയുള്ള വിഷയങ്ങളിലും പ്രബന്ധാവതരണങ്ങള്‍ ഉണ്ടായി.
ആധുനിക കേരളചരിത്രം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടന്നു.  സംസ്‌കൃതസര്‍വകലാശാല കാലടിചരിത്രവിഭാഗം പ്രൊഫ. എം.ടി. നാരായണന്‍ പ്രബന്ധം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  വളര്‍ന്നുവരുന്ന യുവശാസ്ത്രജ്ഞന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ ഒരു ചരിത്ര കോണ്‍ഫറന്‍സ് വളരെ ഉപകാരപ്രദമാണെന്നും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരു വേദി ശക്തമായ ചര്‍ച്ചാവേദിയായിരിക്കുമെന്നും എം.ടി നാരായണന്‍ പറഞ്ഞു.  ആധുനിക കേരളചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വ്യക്തികള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ഇന്നത്തെ കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണത്തില്‍ എം.ടി. നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രബന്ധാവതരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും ചരിത്രത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.  മലയാളസര്‍വകലാശാലയെ പ്രതിനിധീകരിച്ച് ചരിത്രവിഭാഗം ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥി മുഹമ്മദ് ഷമീര്‍, കൊങ്ങണം വീട്ടില്‍ ബാവമുസ്ലിയാരുടെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
പ്രാചീന കേരളചരിത്രം, മദ്ധ്യകാല കേരളചരിത്രം, എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍ സര്‍വകലാശാലാ കൊസാംബി ഹാളില്‍ നടന്നു.  തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയിലെ മാരിടൈം ഹിസ്റ്ററി ആന്റ് മറൈന്‍ ആര്‍ക്കിയോളിയളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെല്‍വകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  നിരവധി ചരിത്രം ഉള്‍ക്കൊള്ളുന്ന മണ്ണായ കേരളമാണ് ചരിത്രപഠനത്തിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.  വിവിധ മേഖലകളില്‍ നിന്നായി ഇരുപത്തിമൂന്നോളം പ്രബന്ധം അവതരിപ്പിച്ചു.  വിദ്യാര്‍ത്ഥി യൂണിയന്‍ ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി പഞ്ചമി സി. നന്ദി പറഞ്ഞു.