ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ദേശീയ സെമിനാര്‍ സമാപിക്കുന്നു ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണം

ദേശീയ സെമിനാര്‍ സമാപിക്കുന്നു ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണം

സാഹിത്യഗവേഷകര്‍ സാമൂഹികമായ ഉത്തരവാദിത്വം മറക്കരു തെന്നും ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണമെന്നും മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. അഭിരുചിയില്ലാതെ സാമ്പത്തിക സഹായത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും ആകര്‍ഷ ണത്തില്‍ ഗവേഷണസംരംഭങ്ങള്‍ ഏറ്റെടുക്കരുത്. പൊതുമുതല്‍ വിനിയോഗിക്കുമ്പോള്‍ സമൂഹത്തിന് അതിന്റെ ഫലം തിരിച്ചുനല്‍കണമെന്ന ജാഗരൂകത ഗവേഷകര്‍ക്കുണ്ടാവണം. സര്‍വകലാശാലകള്‍ ആശയങ്ങളുടെ ശവപ്പറമ്പായി മാറാതെ പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. ഡോക്ടറേറ്റ് നല്‍കുന്നതിന് മുന്നോടിയായി നടക്കുന്ന ഓപ്പണ്‍ ഡിഫന്‍സ് ആര്‍ഭാടപൂര്‍ണമായ ആഘോഷമാക്കിമാറ്റരുതെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഭാഷയെക്കുറിച്ചും പത്രഭാഷയെക്കുറിച്ചുമുള്ള ഗവേഷണങ്ങള്‍ സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ കാര്യമായ ഗവേഷണസംരംഭങ്ങള്‍ ഉണ്ടാവുന്നില്ല. ഗവേഷണമേഖലയില്‍ നിലനിന്നിരുന്ന വരേണ്യസംസ്‌കാരം ഇല്ലാതാവുകയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗവേഷണത്തില്‍ കേരളീയമായ തനതുമാതൃക ഇനിയും രൂപപ്പെട്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ മലയാളവിഭാഗത്തിന്റെ പ്രവര്‍ത്തനവും സാഹിത്യ ഗവേഷണവും ശോഷിച്ചു വരികയാണെന്നും മലയാളസര്‍വകലാശാലയോ മലയാളം മിഷന്‍ പോലുള്ള ഏജന്‍സികളോ ഇവിടങ്ങളിലെ ഗവേഷണം ഏകോപിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡോ. ഡി. ബഞ്ചമിന്‍ (കേരളസര്‍വകലാശാല) ഡോ. പി.എസ്. രാധാകൃഷ്ണന്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോ. എ. എം. ശ്രീധരന്‍ (കണ്ണൂര്‍ സര്‍വകലാശാല) ഡോ. ജിതേഷ് (മധുര കാമരാജ് സര്‍വകലാശാല) ഡോ. ബിച്ചു. എക്‌സ് മലയില്‍, (ഡയറക്ടര്‍ എസ്. എസ്. യു. എസ്, തുറവൂര്‍), ഡോ. ഷാജി എസ.് (ഗാന്തിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റി) യാക്കോബ് തോമസ് (കെ. കെ. ടി. എം. ഗവണ്‍മെന്റ് കോളേജ്, കൊടുങ്ങല്ലൂര്‍) ശ്രീധരന്‍ അഞ്ചുമൂര്‍ത്തി, ബിന്ദുജോണ്‍ (ക്രിസ്ത്യന്‍ കോളേജ്, ചെങ്ങന്നൂര്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ടി. അനിതകുമാരി, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ഇ. രാധാകൃഷ് ണന്‍, ഡോ. സി. ഗണേഷ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. തുടര്‍ന്ന് ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കുള്ള സെഷനില്‍ നേവി ജോര്‍ജ്ജ്, രജനി സുബോധ്, ജെറ്റീഷ് ശിവദാസ്, അബ്ദുള്‍ ലത്തീഫ് പാലത്തുങ്കര, ചിഞ്ചു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സെമിനാര്‍ ഇന്ന് (21.10.17) സമാപിക്കും. ഉച്ചതിരിഞ്ഞ് 2.30ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. ജെ. ദേവിക, ഡോ. സി. ജി. രാജേന്ദ്രബാബു, ഡോ. എം. എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.