തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സംസ്കാരപൈതൃകപഠന സ്കൂളിൻ്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള അഞ്ചാമത് പൈതൃകസമ്മേളനം “സംസ്കൃതി 2025” മാർച്ച് 11,12,13തിയ്യതികളിൽ സർവകലാശാല ക്യാമ്പസ്സിൽ നടക്കും. “ആഖ്യാനപൈതൃകം” മുഖ്യ പ്രമേയമാക്കിയാണ് ഇത്തവണ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. പൈതൃക സമ്മേളനം ആർട്ടിസ്റ്റ് ഭട്ടതിരി ഉദ്ഘാടനം ചെയ്യും. സർവകലാശാല വൈസ് ചാൻസിലർ ഡോ. എൽ സുഷമ അധ്യക്ഷയാകും. സാംസ്കാരിക വിമർശകനും കാലടി സർവകലാശാല മുൻ വിസിയുമായിരുന്ന ഡോ. എം വി നാരായണൻ മുഖ്യാതിഥിയാകും.
കേരളീയസംസ്കൃതിയുടെ ആഖ്യാനവൈവിധ്യങ്ങൾ അടയാളപ്പെടുത്തുന്ന പൈതൃക സമ്മേളനത്തിൽ ഇരുപതോളം വിഷയവിദഗ്ധർ പങ്കെടുക്കും. പ്രബന്ധാവതരണങ്ങൾ, ഡെമോൺസ്ട്രേഷൻ ക്ലാസുകൾ, ഹ്രസ്വചിത്രപ്രദർശനം, വിവിധ പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾക്കുപുറമേ ചിമ്മാനക്കളി, ചാക്യാർകൂത്ത്, തുള്ളൽ, മുടിയേറ്റ്, കഥാപ്രസംഗം, നാടകം, അക്ഷരകല, നാടൻപാട്ട്, തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും.
വ്യാഴാഴ്ച നടന്ന സംഘാടക സമിതി യോഗം പ്രൊഫ. കെ എം ഭരതൻ ഉദ്ഘാടനം ചെയ്തു. ഡോ. സുനീത ടിവി അധ്യക്ഷയായി. ഡോ. കെ വി ശശി, ഡോ. സജിന, ഇ ജുമൈലത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സുനീത ടിവി (കൺവീനർ), ഡോ. കെ വി സജിത (ജോ. കൺവീനർ), നീതു സി ബി, അനുശ്രീ ബാബു ഇ പി (സ്റ്റുഡൻറ് കോഡിനേറ്റർ).