ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ക്യാമ്പസിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്സലന്‍സിന്റെ (മികവിന്റെ കേന്ദ്രം) ധാരണാപത്രം കൈമാറി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർപേഴ്സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും മലയാളം സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
“കേരള ലാംഗ്വേജ് നെറ്റ്വർക്ക്” എന്ന പേരിലാരംഭിക്കുന്ന ഈ കേന്ദ്രം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായിത്തീരും.
ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നതാണ് കേരള ലാംഗ്വേജ് നെറ്റ്വർക്ക്. കേരളത്തിലെ പ്രാദേശികഭാഷകളുടെയും മറ്റു ഇന്ത്യൻ, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും, നവീന പഠനരീതികളും സാങ്കേതികവിദ്യകളും അന്തർവിഷയ ഗവേഷണവും ആവിഷ്കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോളകേന്ദ്രമായി മാറ്റാനുമാണീ മികവിന്റെ കേന്ദ്രം. ബഹുഭാഷാപ്രാവീണ്യം പ്രോത്സാഹിപ്പിക്കലും സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കലും ഈ മികവിന്റെ കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.
കേരള ലാംഗ്വേജ് നെറ്റ് വർക്ക് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാ സാങ്കേതികവിദ്യകളുടെ ഉപകേന്ദ്രം,കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവയും സ്ഥാപിക്കും. ഇതിൽ വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം പൊന്നാനി ആസ്ഥാനമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും.