തിരൂർ: സ്നേഹമെന്ന അടിസ്ഥാനമൂല്യം പടിപടിയായി ഒരു രാഷ്ട്രീയമൂല്യമായി വളർന്നു വരുന്നത് ആശാന്റെ കാവ്യജീവിതത്തിൽ നോക്കിയാൽ കാണാൻ സാധിക്കുമെന്ന് സുനിൽ പി ഇളയിടം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ കലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷത്തോടനു ബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും മലയാള സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി ദുരവസ്ഥ ശതാബ്ദി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യഭാഷയിലെ പ്രമേയ സ്വീകരണത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന രചനകളാണ് കുമാര നാശാന്റെ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ അഫ്സൽ സ്വാഗതം ആശംസിച്ച ചടങ്ങിന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും സമകാലസമൂഹത്തിന് വലിയൊരു രാഷ്ട്രീയ പാഠമാണ് നൽകുന്നതെന്ന് മുഖ്യ പ്രഭാഷകനായ ഡോ. കെ എം അനിൽ അഭിപ്രായപ്പെട്ടു. തുടർന്ന് അശോക് ഡിക്രൂസ്,ഡോ എം ഡി രാധിക,ആര്യ പി കെ, ഡോ കെ ബാബുരാജൻ, ഡോ ദിവ്യ വി എന്നിവർ സെമിനാറുമായി ബന്ധപ്പെട്ട് പ്രബന്ധം അവതരിപ്പിച്ചു.