ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം ദൃശ്യാവിഷ്‌കാരം – പദ്മഭൂഷൺ മോഹൻലാൽ ഫേസ്ബുക് പേജിലൂടെ  റിലീസ് ചെയ്തു.

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം ദൃശ്യാവിഷ്‌കാരം – പദ്മഭൂഷൺ മോഹൻലാൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയുടെ സമ്പൂർണ്ണ വീഡിയോ മലയാള സർവകലാശാലയുടെ അക്ഷരം യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങുന്നു. പത്മഭൂഷൺ മോഹൻലാൽ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ ഇന്ന്(04/10/2022) കാലത്ത് 10.30 ന് നളചരിതം സമ്പൂർണത്തിന്റെ ലിങ്ക് ഷെയർ ചെയ്ത് റിലീസ് ചെയ്തു.

പദ്മശ്രീ കലാമണ്ഡലം ഗോപി ആശാൻ ഉൾപ്പെടെ പ്രഗത്ഭരായ ഒരു കൂട്ടം കലാകാരന്മാരാണ് അട്ടക്കഥയ്ക്ക് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. നളചരിതത്തിന്റെ അഭിനയസാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി അരങ്ങത്ത് എത്തിക്കുക എന്നത് കഥകളികലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ്. അഭിനയത്തിന്റെ മര്‍മം കണ്ടറിഞ്ഞ പത്മശ്രീ കലാമണ്ഡലം ഗോപി ആശാന്‍ പക്ഷേ ഈ ദൗത്യം സമര്‍ത്ഥമായി ഏറ്റെടുത്ത് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലക്കു വേണ്ടി സമഗ്രമായ ഒരു ദൃശ്യശില്‍പം ഒരുക്കിയിരിക്കുകയാണ്. പദംപ്രതി പാദംപ്രതി നളചരിതം ആട്ടക്കഥയെ പിന്തുടര്‍ന്ന് സമ്പൂര്‍ണമായി രംഗാവിഷ്‌കാരം നടത്തുക എന്ന അതിവിപുലവും അപൂര്‍വവുമായ സംരംഭത്തിനാണ് മലയാളസര്‍വകലാശാല ഇതുവഴി സാക്ഷ്യം വഹിച്ചിരിക്കുന്നത്.

നളനായി അരങ്ങത്തു ജീവിക്കുന്ന ഗോപി ആശാനോടൊപ്പം മാര്‍ഗി വിജയകുമാര്‍, എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കോട്ടക്കല്‍ ദേവദാസ്, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പീശപ്പിള്ളി രാജീവ്, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം അരുണ്‍ വാരിയര്‍ തുടങ്ങി ഒട്ടനേകം കലാകാരന്‍മാര്‍ മഹാനടനത്തിന്റെ മാറ്റുരക്കുന്നുണ്ടിവിടെ. എം.ജെ. രാധാകൃഷ്ണന്‍ എന്ന മികച്ച ഛായാഗ്രാഹകന്‍ സൂക്ഷ്മാംശങ്ങള്‍ ഒന്നൊഴിയാതെ ഒപ്പിയെടുത്തുകൊണ്ട് വീഡീയോചിത്രണം മനോഹമരമാക്കി.

നാല്‍പത്തിനാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോപതിപ്പ് കലാസ്വാദകർക്കും പഠിതാക്കൾക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന വിധത്തിൽ മലയാളം, ഇംഗ്ലീഷ് ഉപശീർഷകങ്ങളോടു കൂടി നളചരിതം ആട്ടക്കഥ മനോജ്ഞമായി ആവിഷ്കരിച്ചിരിക്കുന്നു. സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിധേയമായി നളചരിതം കഥകളി സമ്പൂര്‍ണമായി പഠിച്ച് ആസ്വദിക്കുന്നതിനുള്ള അവസരമാണിത്.

യൂട്യൂബ് ലിങ്ക് :           https://youtu.be/tm8-JOgxEdo