ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ബി. എസ് സി. പരിസ്ഥിതിപഠനവും വികസനസാമ്പത്തികശാസ്ത്രവും ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച്

ബി. എസ് സി. പരിസ്ഥിതിപഠനവും വികസനസാമ്പത്തികശാസ്ത്രവും ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച്

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ പരിസ്ഥിതിപഠനസ്കൂളും വികസനപഠനസ്കൂളും സംയുക്തമായി അവതരിപ്പിക്കുന്ന പുതിയ നാലുവർഷ ബിരുദപ്രോഗ്രാമായ ബി. എസ് സി. പരിസ്ഥിതിപഠനവും വികസനസാമ്പത്തികശാസ്ത്രവും ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാം ബിരുദപഠനത്തിനും തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനും പുതിയസാധ്യതകൾ തുറക്കുന്നു. ഇന്റർഡിസിപ്ലിനറി സമീപനമാണ് ഈ ഡബിൾമേജർ ബിരുദപ്രോഗ്രാമിന്റെ സവിശേഷത. സർവകലാശാലാക്യാമ്പസിൽ പഠിക്കാം എന്നതും ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നു.

പരിസ്ഥിതിപഠനവും വികസനസാമ്പത്തികശാസ്ത്രവും തുല്യപ്രാധാന്യത്തോടെ പഠിക്കുവാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. സൈദ്ധാന്തികവും (theoretical) പ്രായോഗികവുമായ (practical) അറിവുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനഗവേഷണപ്രക്രിയ എന്നിവയും ഈ പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചികൾക്കനുസരിച്ച് സ്കിൽ ഡെവലപ്പ്മെന്റ്, വാല്യു ആഡഡ്, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. മേജർ കോഴ്സുകളോടൊപ്പം മലയാളം കംപ്യൂട്ടിംഗ്, ജൻഡർപഠനം, മാധ്യമപ്രവർത്തനം, ചലച്ചിത്രനിർമാണം, എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്.

സൈദ്ധാന്തികവും പ്രായോഗികവുമായ പഠനങ്ങൾക്കും പ്രോജക്റ്റുകൾക്കും പ്രാധാന്യം നൽകുന്ന ഈ പ്രോഗ്രാം പരിസ്ഥിതിശാസ്ത്രത്തിലും വികസനസാമ്പത്തികശാസ്ത്രത്തിലും ഒരു പോലെ പ്രാവീണ്യം നേടുന്നതരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. യഥാർത്ഥ പാരിസ്ഥിതിക-വികസനപ്രശ്നങ്ങളിൽ ഇടപെടാനും, പരിഹാരം കണ്ടെത്തൂവാനുമുള്ള പ്രായോഗിക അറിവ് ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക്  ലഭിക്കുന്നു. മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളുള്ള സർവകലാശാലയിൽ ഗവേഷണപ്രോജക്റ്റുകൾ, ഫീൽഡ് സന്ദർശനങ്ങൾ, പഠനയാത്രകൾ, ഇന്റേൺഷിപ്പുകൾ, വിദഗ്ദ്ധക്ലാസുകൾ, ശിൽപ്പശാലകൾ, സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനും പരിശീലനം നേടുന്നതിനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കും. പരിസ്ഥിതിശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലുമുള്ള വിദഗ്ധരും പരിചയസമ്പന്നരുമായ ഫാക്കൽറ്റിഅംഗങ്ങളുടെ നേതൃത്വത്തിൽ സർവകലാശാലയിൽ ലഭ്യമായ നൂതനസൗകര്യങ്ങളുടെ പിന്തുണയോടെ മികച്ച പഠന- ഗവേഷണ അനുഭവം നേടാൻ ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് കഴിയുന്നു. കൂടാതെ ഗവേഷണസ്ഥാപനങ്ങളുമായും എൻ.ജി.ഒ.കളുമായുള്ള സഹകരണം വിദ്യാർത്ഥികൾക്ക് പുതിയഅവസരങ്ങളും നൽകുന്നു.

കരിയർ സാധ്യതകൾ

ഡബിൾ മേജർ രീതിയിൽ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം വിദ്യാർഥികളുടെ താല്പര്യങ്ങൾക്കനുസരിച്ച് പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതിപഠനം, വികസന പഠനം, സാമ്പത്തികശാസ്ത്രം തുടങ്ങിയവയിൽ ഉന്നതവിദ്യാഭ്യാസം നേടാൻ അവസരം നൽകുന്നു. ഗവേഷണത്തിന് ഊന്നൽ നൽകുന്ന ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം (നാലുവർഷം), ഓണേഴ്സ് ബിരുദം (നാലുവർഷം), ബിരുദം (മൂന്ന് വർഷം) എന്നീ പാത്ത് വേ കൾ വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ ലഭ്യമാണ്.

ഈ പ്രോഗ്രാമിലെ ബിരുദധാരികൾക്ക് വിവിധമേഖലകളിൽ കരിയർസാധ്യതകളുണ്ട്. ഗവേഷണകേന്ദ്രങ്ങളിലും സർവകലാശാലകളിലും ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമാകാനും, പരിസ്ഥിതി കൺസൽട്ടിംഗ്, നയ വിശകലനം, സുസ്ഥിരവികസന ആസൂത്രണം എന്നീമേഖലകളിൽ തൊഴിൽ കണ്ടെത്താനും, പരിസ്ഥിതി സംരക്ഷണ എൻജിഒകളിൽ ജോലി നേടാനും, സംരംഭകരാകാനും വിദ്യാർത്ഥികളെ ഈ പ്രോഗ്രാം സഹായിക്കും. പരിസ്ഥിതി സൗഹൃദ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രേരണയും പ്രാപ്തിയും ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും.  സാമൂഹ്യശാസ്ത്രത്രമെന്ന നിലയിലുള്ള വിഷയജ്ഞാനത്തോടൊപ്പം, ഗണിതം അടിസ്ഥാനമാക്കി ശാസ്ത്രവിഷയമെന്നനിലയിൽ വികസന സാമ്പത്തികശാസ്ത്രത്തിൽ ലഭിക്കുന്ന പ്രാവീണ്യം, ഗവേഷണം, ദത്തവിശകലനം, പ്രോജക്റ്റ് മാനേജ്മെന്റ്, ആസൂത്രണം, നയരൂപീകരണം എന്നിങ്ങനെ  നിരവധി മേഖലകളിൽ തൊഴിൽസാധ്യതകൾ തുറന്നു നൽകുന്നു.

ഈ മേഖലകളിൽ ഉപരിപഠനത്തിന് അവസരം നൽകുന്ന താഴെ പറയുന്ന പ്രോഗ്രാമുകൾ മലയാളസർവകലാശാലയിൽ നിലവിലുണ്ട്.

  • എം. എസ് സി. പരിസ്ഥിതിപഠനം
  • എം. എ. പരിസ്ഥിതിപഠനം
  • എം. എ. വികസനപഠനവും തദ്ദേശവികസനവും
  • പി എച്ച് ഡി. പരിസ്ഥിതിപഠനം
  • പി എച്ച്ഡി. വികസനപഠനം