ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഭിന്നശേഷി: സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണം – സെമിനാര്‍

ഭിന്നശേഷി: സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണം – സെമിനാര്‍

സംസ്ഥാനത്തെ ഭിന്നശേഷിക്കാരില്‍ ശാസ്ത്രീയപഠനം നടത്തി സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണമെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘ഭിന്നഭാഷാശേഷി : പ്രശ്‌നവും പരിഹാരവും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കായി നിശ്ചിത തുക ജില്ലകള്‍ക്ക് വിതരണം ചെയ്യുന്ന നിലവിലുള്ള സമ്പ്രദായം മാറണം. ഓരോ ജില്ലയിലേയും ആവശ്യകത പഠിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. സംസ്ഥാനത്തെ ഭിന്നശേഷി ക്കാരായ എട്ട് ലക്ഷത്തോളം പേരില്‍ 1.3ലക്ഷം പേര്‍ കുട്ടികളാണ്. ഇവര്‍ക്കുള്ള പെന്‍ഷന്‍ ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വരുമാന പരിധി എടുത്തുകളയണം. ബഹുവിധ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഏര്‍പ്പെടു ത്തണം. സര്‍വ്വോപരി ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന മനോഭാവം സമൂഹത്തിന് ഉണ്ടാവണം – സെമിനാറിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പൊതു ഇടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഉണ്ടാവണം. വാഹനങ്ങളില്‍ സംവരണം ലഭിക്കുന്നതിനും കെട്ടിടങ്ങളില്‍ പ്രത്യേകമായ ശുചിമുറി ഒരുക്കുന്നതിനുമുള്ള നിയമം കര്‍ശനമായി നടപ്പാക്കണം. കുട്ടികള്‍ക്ക് സാമൂഹികമായ ഇടപെടാനുള്ള അവസരം ഒരുക്കുന്നതിലൂടെ ഭാഷയിലെ ഭിന്നശേഷി പരിഹരിക്കാന്‍ കഴിയുമെന്നും ‘നിയമപരിരക്ഷയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും’ എന്ന വിഷയത്തില്‍ സംസാരിച്ചുകൊണ്ട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. സലീം പറഞ്ഞു. ‘ജീവിതശൈലിയും ഭിന്നഭാഷാശേഷിയും’ എന്ന വിഷയത്തില്‍ കെ.വി വിശ്വനാഥന്‍ ഭാഷാവൈകല്യങ്ങളെക്കുറിച്ച് ആര്‍. വൃന്ദ, ‘വളര്‍ച്ചാഘട്ടങ്ങളും ഭിന്നശേഷി തിരിച്ചറിയലും’ എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.  ഇന്ന് (06.10.17) 10 മണിക്ക് ഷൊര്‍ണൂര്‍ ഐക്കോണ്‍സിന്റെ ആഭിമുഖ്യത്തില്‍  പഠനവൈകല്യ നിര്‍ണയ ക്യാമ്പ് നടക്കും. 2.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഡോ. എന്‍. ശ്രീദേവി (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്, മൈസൂര്‍) മുഖ്യാതിഥിയായിരിക്കും.