എല്ലാവര്‍ഷവും ഫെബ്രുവരി 21,22,23 തിയതികളില്‍ അക്ഷരം കാമ്പസില്‍ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം നടക്കുന്നു. നാലാമത്തെ സാഹിതി 2017 ഫെബ്രുവരി 21ന് പ്രസിദ്ധ എഴുത്തുകാരന്‍ ശ്രീ സേതു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ 60 വര്‍ഷങ്ങള്‍ സാഹിത്യത്തിലുണ്ടായ മാറ്റങ്ങളിലൂടെ വിലയിരുത്തി ഡോ. പി.കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
നോവലും ജീവിതവും, പുതുവഴി - എഴുത്തിലെ ജലഭൂപടങ്ങള്‍, സാഹിത്യനിരൂപണത്തിനഎന്തുസംഭവിച്ചു? ജീവിതം കേട്ടെഴുതുമ്പോള്‍, നോവലിന്റെ പെണ്‍വഴികള്‍, വാക്കും വരയും എന്നീ സെഷനുകളിലായി ചര്‍ച്ചകള്‍ നടന്നു. അരങ്ങിലെ ജീവിതം ശ്രീ കലാധരന്‍ പങ്കുവച്ചു. ശ്രീ കല്‍പറ്റ നാരായണനും ശ്രീ ടി.പി. രാജീവനുമായി കാവ്യ സംഭാഷണം നടന്നു. ഭാഷയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഡോ. എം.എന്‍. കാരശ്ശേരി പ്രഭാഷണം നടത്തി. വിവിധ പരിപാടികളില്‍ സര്‍വ്വശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീ നാരായന്‍, ശ്രീ കെ.എ. സെബാസ്റ്റ്യന്‍, ശ്രീ ജോണി മിറാന്‍ഡ, കഥാകാരി ശ്രീമതി ലിസി, ശ്രീമതി രതിദേവി, ശ്രീമതി സംഗീത ശ്രീനിവാസന്‍, ഡോ. കെ.വി. സജയ്, ഡോ. സി.ആര്‍ പ്രസാദ്, ശ്രീ ഇന്ദുഗോപന്‍, ശ്രീ സുരേഷ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു.കാവ്യസന്ധ്യയില്‍ ശ്രീ. പി. രാമന്‍, ശ്രീ ഗിരീഷ് പുലിയൂര്‍, ശ്രീ അനില്‍ പനച്ചൂരാന്‍, ശ്രീ ദിവാകരന്‍ വിഷ്ണുമംഗലം, ഡോ. റോഷ്‌നിസ്വപ്ന, ശ്രീ എസ്. കലേഷ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
സുവര്‍ണ്ണരേഖ എന്ന പദ്ധതിയില്‍ മലയാളസര്‍വകലാശാല തയ്യാറാക്കിയ മൂന്ന് ചിത്രങ്ങള്‍ സാഹിതിയില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചു. അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം, പുഴ മുതല്‍ പുഴവരെ, ശ്രീ സി. രാധാകൃഷ്ണനെ കുറിച്ച്, ആറ്റൂര്‍ രവിവര്‍മ്മ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സാഹിതിയുടെ ഭാഗമായി പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ ശ്രീ പുനലൂര്‍ രാജന്‍ പകര്‍ത്തിയ എഴുത്തുകാരുടെ സവിശേഷ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. മലയാള സര്‍വകലാശാല ആരംഭിക്കുന്ന സാഹിത്യ ആര്‍ക്കൈവ്‌സിന്റെ ഭാഗമായിരിക്കും ഈ അറുപതുചിത്രങ്ങള്‍. ശ്രീ ഉമ്പായിയുടെ ഗസല്‍ സംഗീതവും, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'വെയിലിന് അന്നു നല്ല ചൂടായിരുന്നു' (സംവിധാനം ഡോ. റോഷ്‌നി സ്വപ്ന) എന്ന നാടകവുമായിരുന്നു സാഹിതിയിലെ കലാപരിപാടികള്‍.
ഡോ. അശോക് ഡിക്രൂസ് നയിച്ച സാഹിത്യപ്രശ്‌നോത്തരിയില്‍ കാലടി ശ്രീ ശങ്കരാചാര്യസംസ്‌കൃതസര്‍വകലാശാലയിലെ അജീഷ് ജി. ദത്തന്‍, വിജയകുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഹതാന്‍ സി.എച്ച്, ജിഷ്ണു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ അപര്‍ണ ആര്‍, വിഷ്ണു.ടി, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ മനു.കെ.വി, ശ്രീ ശ്രീശാന്ത്.ഡി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സാഹിത്യരചന മത്സരങ്ങളില്‍ താഴെപ്പറയുന്നവര്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
ഫെബ്രുവരി 23ന് വൈകുന്നേരം സാഹിതി സമാപിച്ചു. പ്രശസ്ത എഴുത്തുകാരിയും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നാലാം സാഹിതിയില്‍ പങ്കെടുക്കാനെത്തി. തുറന്ന ചര്‍ച്ചകള്‍ കൊണ്ടും ധീരമായ ആശയപ്രകടനങ്ങള്‍കൊണ്ടും സാഹിതി വ്യത്യസ്തമായ സാഹിത്യോത്സവമായി മാറി. വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ അദ്ധ്യക്ഷനും സാഹിത്യവിഭാഗം പ്രൊഫസറും ഡീനുമായ ഡോ. ടി. അനിതകുമാരി ജനറല്‍ കണ്‍വീനറായുള്ള കമ്മിറ്റിയാണ് സാഹിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം 'സാഹിതി 2017' നോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവം ശ്രദ്ധേയമായി. ക്ലാസിക്കുകള്‍, പുരാണങ്ങള്‍, വിജ്ഞാന സാഹിത്യം, ആധുനിക സര്‍ഗാത്മക രചനകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തി. മാതൃഭൂമി ബുക്‌സ്, പ്രഭാത് ബുക്ക് ഹൗസ്, ഒലീവ് പബ്ലിക്കേഷന്‍സ്, ഡി.സി.ബുക്‌സ് കോട്ടയം, ഗ്രീന്‍ ബുക്‌സ്, ലിപി പബ്ലിക്കേഷന്‍സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കൈരളി ബുക്‌സ്, പൂര്‍ണ പബ്ലിക്കേഷന്‍സ്, ലോഗോസ് ബുക്‌സ്, കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക്, മലയാളസര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം തുടങ്ങി പ്രധാന പ്രസാധകരെല്ലാം പ്രദര്‍ശനത്തിനെത്തി.