ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിതി 2016

സാഹിതി 2016

ഫെബ്രുവരി 21, 22, 23 തിയതികളില്‍ എല്ലാ വര്‍ഷവും നടത്തുന്ന അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി’ ഈ വര്‍ഷവും വിപുലമായി നടന്നു. ശ്രീമതി സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത സാഹിതി 2016 ല്‍ അമ്പത് എഴുത്തുകാര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ തമിഴ് സാഹിത്യകാരന്‍ ശ്രീ ചാരുനിവേദിതയും പ്രശസ്ത ആര്‍ട്ടിസ്റ്റ് ശ്രീ ബോസ് കൃഷ്ണമാചാരിയും സന്നിഹിതരായിരുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് അഞ്ഞൂറിലേറെ പ്രതിനിധികള്‍ സാഹിതിയില്‍ പങ്കെടുക്കാനെത്തി.

‘സൃഷ്ടിയും സ്രഷ്ടാവും’ എന്ന വിഭാഗത്തില്‍ ശ്രീ ചാരുനിവേദിത, ഡോ. സുലോചന നാലപ്പാട്ട്, ശ്രീ. വി.ജെ ജെയിംസ്, ശ്രീമതി കെ.പി. സുധീര, ഡോ. എന്‍ രാജന്‍, ഡോ. വിനു എബ്രഹാം, ശ്രീ പ്രമോദ് രാമന്‍, ശ്രീ സുസ്‌മേഷ് ചന്ദ്രോത്ത്, ശ്രീ വൈശാഖന്‍, ശ്രീ ശത്രുഘ്‌നന്‍, ശ്രീ മുണ്ടൂര്‍ സേതുമാധവന്‍, ശ്രീ പായിപ്ര രാധാകൃഷ്ണന്‍, ശ്രീ എം. രാജീവ് കുമാര്‍, ശ്രീ പി.വി. ഷാജികുമാര്‍, ശ്രീ അര്‍ഷാദ് ബത്തേരി, ശ്രീ സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

‘ഭാഷയുടെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയില്‍ ശ്രീ കെ.പി രാമനുണ്ണി, ഡോ. എം. ശ്രീനാഥന്‍, പ്രൊഫ. വി.പി. മാര്‍ക്കോസ്, ശ്രീ. പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

‘കഥയുടെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയ്ക്ക് ശ്രീ അശോകന്‍ ചെരുവില്‍, ഡോ. വത്സലന്‍ വാതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

‘നോവലിന്റെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയ്ക്ക് ഡോ. കെ.എസ്. രവികുമാര്‍, ശ്രീ എം.കെ ഹരികുമാര്‍, ശ്രീ രേണുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

‘നാടകത്തിന്റെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയില്‍ ശ്രീ രഘൂത്തമന്‍, ശ്രീ സിവിക് ചന്ദ്രന്‍, ശ്രീ ശ്രീജിത്ത് രമണന്‍, ശ്രീ എം.ജി. ജ്യോതിഷ്, ശ്രീ എ. ശാന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

‘ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍’ എന്ന ചര്‍ച്ചകള്‍ക്ക് ശ്രീമതി ഭാഗ്യലക്ഷമി, ശ്രീമതി റോസ്‌മേരി, പ്രൊഫ. മ്യൂസ് മേരി, ശ്രീമതി ഷീബ അമീര്‍, ഡോ. ടി. അനിതകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

ഫെബ്രുവരി 23 ന് നടന്ന സമാപന സമ്മേളനത്തില്‍ ശ്രീമതി. കെ.ആര്‍. മീര മുഖ്യാതിഥിയായി. സമാപന സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചു.

സാഹിതി സാഹിത്യോത്സവത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍:

മികച്ച കവിത
  • ഒന്നാം സമ്മാനം : കുമാരി ആദില കബീര്‍ (ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ്)
  • രണ്ടാം സമ്മാനം: കുമാരി കെ. ധന്യ (മലയാളസര്‍വകലാശാല)
മികച്ച കഥ:
  • ഒന്നാം സമ്മാനം : ശ്രീ. എന്‍ നൗഫല്‍ (കേരളസര്‍വകലാശാല കാര്യവട്ടം കാമ്പസ്)
  • രണ്ടാം സമ്മാനം: അഖില്‍ പി. ഡേവിഡ് (മലയാളസര്‍വകലാശാല)
  • പ്രത്യേക പരാമര്‍ശം: കുമാരി രവീന രവീന്ദ്രന്‍ (മലബാര്‍ മെഡിക്കല്‍ കോളേജ്)

സാഹിത്യ ക്വിസ് മത്സരം

സാഹിതിയോടനുബന്ധിച്ച് അന്തര്‍സര്‍വകലാശാലാ സാഹിത്യ ക്വിസ് മത്സരം നടന്നു. രണ്ടുപേര്‍ വീതമുള്ള 16 ടീമുകള്‍ ആദ്യ റൗണ്ടില്‍  പങ്കെടുത്തു. അവയില്‍ നിന്നും ആദ്യ സ്ഥാനത്തെത്തിയ 5 ടീമുകളാണ്  അവസാന റൗണ്ടില്‍  മത്സരിച്ചത്.

  • ഒന്നാം സ്ഥാനം: മഹാത്മാഗാന്ധി സര്‍വകലാശാല
  • രണ്ടാം സ്ഥാനം: കേരളസര്‍വകലാശാല
  • മൂന്നാം സ്ഥാനം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി

പുസ്തകോത്സവം

അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി 2016’ നോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവം ശ്രദ്ധേയമായി. ക്ലാസിക്കുകള്‍, പുരാണങ്ങള്‍, വിജ്ഞാന സാഹിത്യം, ആധുനിക സര്‍ഗാത്മക രചനകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമായാണ് കേരളസാഹിത്യ അക്കാദമി പ്രദര്‍ശനത്തിനെത്തിയത്. സാഹിതി, സംസ്‌കൃതി, സ്മൃതി എന്നീ  മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച അക്കിത്തത്തിന്റെ ലേഖനങ്ങള്‍, എം.കെ. സാനുവിന്റെ തിരഞ്ഞെടുത്ത കൃതികള്‍, ഹരിതം ബുക്ക്‌സിന്റെ എം.ടി യെക്കുറിച്ച് തയ്യാറാക്കിയ 11 പുസ്തകങ്ങള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയായിരുന്നു. ഡി.സി ബുക്ക്‌സ്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, മാതൃഭൂമി ബുക്ക്‌സ്, ഗ്രീന്‍ ബുക്ക്‌സ്, പ്രഭാത് ബുക്ക് ഹൗസ്, ടി.ബി.എസ്. ബുക്ക് ഹൗസ്, കാലിക്കറ്റ് ബുക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് തുടങ്ങി പ്രധാന പ്രസാധകരെല്ലാം പ്രദര്‍ശനത്തിനെത്തി.