ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘സാഹിതി 2014’ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം

‘സാഹിതി 2014’ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം

കേരളത്തിലെ 12 സര്‍വകലാശാലകളിലെ സാഹിത്യകുതുകികളായ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാളസര്‍വകലാശാല 2014 ഫെബ്രുവരി 21, 22, 23 തിയതികളില്‍ അക്ഷരം കാമ്പസില്‍ സാഹിതി 2014 എന്ന പേരില്‍ അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം നടത്തി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവൈഭവത്തിന് നല്‍കുന്ന പ്രാധാന്യമായിരുന്നു സാഹിത്യോത്സവത്തിന്റെ സവിശേഷത.

മുപ്പത്തിയൊന്ന് പ്രമുഖ എഴുത്തുകാര്‍ സാഹിതിയിലെ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവച്ച് സാഹിത്യോത്സവം സമ്പന്നമാക്കി. സാഹിത്യത്തെ ഗൗരവപൂര്‍വം സമീപിക്കുന്നവരുടെ സംഗമമായിരുന്നു സാഹിതി. നിള, വെട്ടം, പൊന്നാനി, കൊട്ടക എന്ന പേരിട്ട നാലു വേദികളിലായാണ് മൂന്നു നാള്‍ നീണ്ടുനിന്ന സാഹിത്യോത്സവം നടന്നത്. സെമിനാറുകള്‍, ചര്‍ച്ചകള്‍, സംവാദം, കഥ-കവിത അവതരണം, മുഖാമുഖം, സാഹിത്യ പ്രശ്‌നോത്തരി, ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, പുസ്തക പ്രകാശനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികള്‍ വിവിധ വേദികളിലായി നടന്നു. നിലവിളക്ക് തെളിയിച്ച് സാഹിതി ഫലകത്തില്‍ കയ്യൊപ്പുചാര്‍ത്തിയ ശേഷം ശ്രീ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. ശ്രീമതി സുഗതകുമാരി, പൊഫ. സച്ചിദാനന്ദന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, പ്രൊഫ. കല്പ്പറ്റ നാരായണന്‍, ശ്രീ എസ്. ജോസഫ്, ശ്രീ പ്രഭാവര്‍മ എന്നിവര്‍ സംസാരിച്ചു. ശ്രീ എം. മുകുന്ദന്‍, ശ്രീ സക്കറിയ, പ്രൊഫ. സാറാ ജോസഫ്, ശ്രീ കെ.പി. രാമനുണ്ണി, ശ്രീ യു.കെ. കുമാരന്‍, ശ്രീ സന്തോഷ് ഏച്ചിക്കാനം, ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ശ്രീമതി അഷിത, ശ്രീ ബി. മുരളി, ഡോ. എം.ഡി. രാധിക, ശ്രീ ടി.പി. രാജീവന്‍, ശ്രീമതി ഇന്ദുമേനോന്‍ എന്നിവര്‍ കഥാരചനയെക്കുറിച്ച് സംസാരിച്ചു.

‘മലയാളസാഹിത്യത്തിലെ മാറുന്ന പരിസ്ഥിതി ദര്‍ശനം’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ശ്രീ ജി. മധുസൂദനന്‍, ശ്രീ ആഷാ മേനോന്‍, ഡോ. മിനിപ്രസാദ്, ഡോ. സി.ആര്‍. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മലയാളത്തിലെ സ്ത്രീപക്ഷ രചനകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോ. പി. ഗീത, ഡോ. ഖദീജ മുംതാസ്, ഡോ. റോസി തമ്പി എന്നിവര്‍ പങ്കെടുത്തു. ഡോ. ഡി. ബഞ്ചമിന്‍ എഴുത്തച്ഛന്‍ സ്മൃതി പ്രഭാഷണം നടത്തി.

സമാപന സമ്മേളനം ശ്രീ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സാഹിത്യോത്സവത്തിന്റെ ഭാഗമായി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥ, കവിത മത്സരത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ എം.സി.ജെ. വിദ്യാര്‍ത്ഥി പി. ജിംഷാര്‍ (കഥ: പടച്ചോന്റെ ചിത്രപ്രദര്‍ശനം) ഒന്നാം സ്ഥാനവും എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ സുജിത് കമല്‍ (കഥ: ആഫ്റ്റര്‍ ഡെത്ത്) രണ്ടാം സ്ഥാനവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എ.ടി. ലിജിഷ (കഥ: വാഴ്‌വാധാരം) മൂന്നാം സ്ഥാനവും നേടി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എം.ജെ. ഗിരിശങ്കര്‍ (കവിത: ശ്മശാനപാലകന്‍) ഒന്നാം സ്ഥാനവും ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ വി.വി. ജിജി (കവിത: വേനല്‍സാക്ഷി) രണ്ടാം സ്ഥാനവും വടകര മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ കെ. അമിത് (കവിത: എന്നെ മറന്നുവയ്ക്കുമ്പോള്‍) മൂന്നാം സ്ഥാനവും നേടി.

സാഹിത്യ പ്രശ്‌നോത്തരിയില്‍ എം.ജി. സര്‍വകലാശാലയിലെ ശ്രീ വി.എസ്. ശ്രീജിത് കുമാര്‍, കുമാരി എം.എസ്. അശ്വതി, കുമാരി അനീറ്റ ഷാജി എന്നിവരുടെ സംഘത്തിന് ഒന്നാം സമ്മാനവും കാലിക്കറ്റ് സര്‍വകലാശാലയിലെ കുമാരി കെ. സ്മിത മനോഹരന്‍, കുമാരി കെ.പി.എ. ഹസീന, കുമാരി കെ. ജിന്‍സി എന്നിവരുടെ സംഘത്തിന്് രണ്ടാം സമ്മാനവും മലയാളസര്‍വകലാശാലയിലെ കുമാരി എന്‍. നീതു, ശ്രീ ആര്‍. ജിഷ്ണു, ശ്രീ വി.എസ്. മനോജ് എന്നിവരുടെ സംഘത്തിന് മൂന്നാം സമ്മാനവും കിട്ടി.

സാഹിതിയുടെ വേദിയില്‍ ആദ്യ ദിവസം കേരള കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മോഹിനിയാട്ടവും കഥകളിയും അവതരിപ്പിച്ചു. വി.ടി. മുരളി കാവ്യാഞ്ജലി അവതരിപ്പിച്ചു. രണ്ടാം ദിവസം സന്ധ്യയ്ക്ക് പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ കഥാപ്രസംഗം അവതരിപ്പിച്ചു.