മലയാള സര്‍വകലാശാല വെട്ടം പഞ്ചായത്തില്‍ മൂന്ന് സര്‍വ്വേകള്‍ നടത്തി
സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വെട്ടം പഞ്ചായത്തിന്റെ ഭരണസമിതിയുമായി പങ്കുവെച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പ്രതിനിധികളും പങ്കെടുത്തു. സര്‍വ്വേ ഫലങ്ങള്‍ മെച്ചപ്പെട്ട ആസൂത്രണത്തിനും പദ്ധതി നിര്‍വഹണത്തിനും വഴി തെളിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എന്‍.എസ്.എസ് യൂണിറ്റുകളുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ച സാഹിത്യരചനവിഭാഗം അസി. പ്രൊഫസര്‍ ഡോ. അശോക്.എ.ഡിക്രൂസ് പിഎച്ഛ്.ഡി കോഴ്‌സ് ചെയ്യുന്നതിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ചുമതലകള്‍ ഭാഷാശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. സി. സെയ്തലവിയാണ് നിര്‍വഹിച്ചിരുന്നത്. ഡോ.ധന്യ. ആര്‍, ഡോ.മഞ്ചുഷ. ആര്‍. വര്‍മ്മ എന്നിവരാണ് ഇപ്പോള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍
മലയാളസര്‍വകലാശാലയില്‍ നാഷണല്‍ സര്‍വീസ് സ്‌കീം 2016 ജൂലായ് 20ന് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനദിവസം 108 പേര്‍ അവയവദാന സമ്മതിപത്രം സമര്‍പ്പിച്ചു. രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനു പുറമെ സുദര്‍ശനം എന്ന പേരില്‍ നേത്രപരിശോധന ക്യാമ്പും 'ഹാര്‍ദ്ദം' എന്ന പേരില്‍ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.
മലയാളസര്‍വകലാശാലയിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസദിനം ആഘോഷിച്ചു. മൗലാന അബ്ദുള്‍കലാം ആസാദ് അനുസ്മരണവും 'ഉന്നത വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ച് സംവാദവും നടന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
സാമൂഹിക പ്രതിബദ്ധതാ പരിപാടികള്‍ ഏറ്റെടുക്കാനുള്ള സര്‍വകലാശാലയുടെ നയത്തിന്റെ ഭാഗമായി മലയാള സര്‍വകലാശാല വെട്ടം പഞ്ചായത്തില്‍ മൂന്ന് പ്രോജക്ടുകള്‍ ഏറ്റെടുത്തു.
വെട്ടം പടിയത്തുള്ള യുവജന വായശാല & ഗ്രന്ഥാലയം എന്ന ഗ്രാമീണ ലൈബ്രറി ആധുനിക വിവരവിഭവ കേന്ദ്രമുള്‍കൊള്ളുന്ന ഒരു മാതൃകാ ലൈബ്രറിയാക്കി മാറ്റി. ഇതിനായി സര്‍വകലാശാല 1.5 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനുപുറമെ കല്‍ക്കത്തയിലെ രാജാറാം മോഹന്‍ റായ് ലൈബ്രറി ഫൗണ്ടേഷന്റെ ധനസഹായവും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്താന്‍ സര്‍വകലാശാലക്ക് സാധിച്ചു.
ഗവ. യു .പി. സ്‌കൂളിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള പരിപാടികളുടെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറികള്‍ സജ്ജമാക്കും. നൂറിലധികം പുസ്തകങ്ങളും അവ സൂക്ഷിക്കാനുള്ള ഷെല്‍ഫും സര്‍വകലാശാല നല്‍കി. കുട്ടികള്‍ക്ക് പുസ്തക ലഭ്യത ഉറപ്പു വരുത്തി വായനാശീലം വളര്‍ത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
വെട്ടം പഞ്ചായത്തിലെ അഞ്ച് അംഗനവാടികള്‍ക്ക് ശിശുസൗഹൃദ ഉപകരണങ്ങള്‍ നല്‍കാനും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വം ഉറപ്പുവരുത്താനും തീരുമാനിച്ചു.